Kerala

മോഡലിനെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായ അഡ്വ: ആളൂരിന്‌ എട്ടിന്റെ പണി

കൊച്ചി :മോഡലിനെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ വക്കാലത്ത് ഇല്ലാതെ കോടതിയിൽ ഹാജരായ അഡ്വ: ആളൂരിന്‌ എട്ടിന്റെ പണി.വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതാണ് ആളൂരിന് പണിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂർ കോടതി മുറിയിലെത്തിയത്. ഇത് ഡിമ്പിളിന്‍റെ അഭിഭാഷകൻ അഡ്വക്കറ്റ് അഫ്സൽ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കോടതിയിൽ തർക്കം രൂക്ഷമായി നടക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു.

ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപിൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്. ഇതേ തുടർന്നാണ് വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടത്. സംഭവത്തിൽ അഡ്വക്കേറ്റ് ആളൂർ ഉൾപ്പെടെ 6 അഭിഭാഷകാറിൽ നിന്ന് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

സംഭവത്തിൽ കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖമൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കോടതിയിലെ പെരുമാറ്റദൂഷ്യത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും നടത്തിയിരുന്നു. രാവിലെ പതിനൊന്നു മണിയോടെയാണ് പ്രതികളുമൊത്തുള്ള തെളിവെടുപ്പ് ആരംഭിച്ചത്. ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ഡോളി , കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളെ, കുറ്റകൃത്യം നടന്ന ദിവസം പോയ ബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അഞ്ച് ദിവസത്തേക്ക് നാല് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top