നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അത്തരം ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പിഴകൾ എടുത്തുകാണിച്ച് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ട്.

ഡീപ്ഫേക്ക് വീഡിയോയുടെ പശ്ചാത്തലത്തിൽ എല്ലാ പ്ലാറ്റ്ഫോമിനും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. ഏതെങ്കിലും കമ്മ്യൂണിക്കേഷൻ ഉപകരണം മുഖേനയോ കമ്പ്യൂട്ടർ റിസോഴ്‌സ് മുഖേനയോ വ്യക്തികളുടെ ഡീപ്പ് ഫേക്ക് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്ക് മൂന്ന് വർഷം വരെ നീളുന്ന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി നിയമങ്ങൾ പ്രകാരം പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ മോർഫ് ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യാൻ എക്‌സ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയുൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടതായി ചൊവ്വാഴ്ച ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിയമങ്ങളും നിയന്ത്രണങ്ങളും സ്വകാര്യതാ നയവും ഉപയോക്തൃ ഉടമ്പടിയും ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള ജാഗ്രത പാലിക്കണമെന്നും മറ്റൊരാളുടെ ഫേക്ക് വിഡിയോ അല്ലെങ്കിൽ ഫോട്ടോ പോലുള്ള ഉള്ളടക്കം ഹോസ്റ്റ് ചെയ്യരുതെന്ന് ഉപയോക്താക്കളെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഞായറാഴ്ച,ആണ് രശ്മികളുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോയിൽ, രശ്മികയുടെ മുഖമുള്ള സ്ത്രീ സ്വിമ്മ് സ്യൂട്ട് പോലെ ഉള്ള ഒരു വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്നതായാണ് ഉള്ളത്. വീഡിയോ ഉടൻ തന്നെ വൈറലായി. എന്നാൽ കുറച്ചു സമയത്തിന് ശേഷം വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ഏതാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തുകയായിരുന്നു.
അതേസമയം സോഷ്യൽ മീഡിയ കമ്പനികൾ ഏതെങ്കിലും തെറ്റായ വിവരങ്ങൾ എന്തെങ്കിലും പുറത്തു വന്നാൽ അത് നീക്കം ചെയ്യാൻ ബാധ്യസ്ഥരാണെന്നും ഏതെങ്കിലും ഉപയോക്താവോ സർക്കാരോ റിപ്പോർട്ട് ചെയ്താൽ അത് 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുമെന്ന് ഉറപ്പാക്കുമെന്നും നേരത്തെ തന്നെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

