Education

കത്തിലെ തെറ്റ് വി.സി ക്കെതിരെ നടപടിക്കു സാധ്യത ; കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്ന് സൂചന

കത്തിലെ തെറ്റ് വി.സി ക്കെതിരെ നടപടിക്കു സാധ്യത. രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്തയാളെന്ന് പരസ്യമായി ഗവര്‍ണര്‍ കുറ്റപ്പെടുത്തിയ കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍ പിള്ളയ്‌ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്ന് സൂചന. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ, സിന്‍ഡിക്കേറ്റംഗങ്ങളോട് സംസാരിച്ചപ്പോള്‍ അവര്‍ നിരസിച്ചെന്ന് വി.സി കത്ത് നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്ന് രാജ്ഭവന്‍ വിലയിരുത്തുന്നു. ചുമതലയില്‍ വീഴ്ച വരുത്തിയതിന് വി.സിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിയമനാധികാരിയായ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. ചാന്‍സലറായി താന്‍ ഇനി തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കുമെന്നും ഇപ്പോള്‍ നടക്കുന്നതൊന്നും സഹിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് സൂചന.

Ad

സര്‍വകലാശാലകളുടെ തലവനായ ചാന്‍സലര്‍ക്ക് അടിയന്തര ഘട്ടത്തില്‍ സര്‍വകലാശാലയിലെ ഏത് അധികാരിയെയും സസ്‌പെന്‍ഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥയോ കണ്ടെത്തിയാല്‍ വൈസ്ചാന്‍സലറെയും പ്രോ വൈസ്ചാന്‍സലറെയും ചുമതലയില്‍ നിന്ന് നീക്കാം. ചാന്‍സലറുടെ വാക്കാലുള്ള നിര്‍ദ്ദേശം പോലും അനുസരിക്കാന്‍ വി.സി ബാദ്ധ്യസ്ഥനാണ്. എന്നിട്ടും ബാഹ്യപ്രേരണയാല്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ വി.സി തയ്യാറായില്ല. വൈസ്ചാന്‍സലര്‍ മഹാദേവന്‍പിള്ള തനിക്കു നല്‍കിയ കത്ത് സര്‍വകലാശാലയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയെന്നും, രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാന്‍സലറായി തുടരുമെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് ഇങ്ങനെ എഴുതാനാകുമെന്നു വിശ്വസിക്കുന്നില്ല. ഏതാനും വരികള്‍ എഴുതാന്‍ അറിയല്ലെന്ന് മാത്രമല്ല, എങ്ങനെ സംസാരിക്കണമെന്നു പോലും വി.സിക്ക് അറിയില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

 

അതേസമയം തന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിനെ ന്യായീകരിച്ച്‌ കഴിഞ്ഞ ദിവസം വിസി രംഗത്ത് വന്നിരുന്നു. “ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോള്‍ കൈ വിറച്ചു പോവുന്ന സാധാരണത്വം ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ല”. എന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ ലെറ്റര്‍ ഹെഡില്‍ വി സിയുടെ ന്യായീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top