Kerala

സീബ്രാലൈനിലൂടെ റോ‍ഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

പുത്തൂർ (കൊല്ലം): സീബ്രാലൈനിലൂടെ റോ‍ഡ് കുറുകെ കടന്ന യുവതി അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ.സി.ആന്റണി – മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണു മരിച്ചത്. വഴിതെറ്റി ബസിറങ്ങിയ ജംക്‌ഷനിലെ സീബ്രാലൈനിലൂടെ നടക്കുമ്പോൾ ആയിരുന്നു അപകടം. അലക്ഷ്യമായും അമിത വേഗത്തിലും കാർ ഓടിച്ച് അപകടത്തിന് ഇടയാക്കിയ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്തു വീട്ടിൽ ജയകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാർ കസ്റ്റഡിയിലാണ്.

ബുധൻ രാവിലെ 7ന് എംസി റോഡിൽ കുളക്കട വായനശാല ജംക്‌ഷനു സമീപമായിരുന്നു അപകടം. അൻസു കാസർകോട് പെരിയയിലെ കേരള സെൻട്രൽ സർവകലാശാലയിൽ നിന്ന് എംബിഎ പൂർ‌ത്തിയാക്കിയിരുന്നു. കാരുവേലിലെ കോളജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് പോകാൻ ബസിൽ എത്തിയതായിരുന്നു. പുത്തൂർ വഴി പോകുന്നതിനു പുത്തൂർ മുക്കിൽ ഇറങ്ങുന്നതിനു പകരം കുളക്കടയിൽ ഇറങ്ങുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറോടു വഴി ചോദിച്ചു മനസ്സിലാക്കിയ അൻസു ബസ് പിടിക്കുന്നതിനു സീബ്രാലൈനിലൂടെ റോഡിന്റെ മറുവശത്തേക്കു നടക്കുമ്പോഴാണ് അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. ഈ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്കു പാഞ്ഞുകയറി എത്തിയതാണ് അപകട കാരണം. സീബ്രാലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് അൻസുവിനെ ഇടിച്ചു വീഴ്ത്തിയത്. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സഹോദരിമാർ: അന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി. സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top