ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത്. ഒന്നുമറിയാത്ത ടി.വി.എസ് സ്കൂട്ടർ യാത്രക്കാരൻ, പെയിൻ്റിങ് തൊഴിലാളിയായ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്.മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ 57 വൈ 4428 നമ്പർ ടിവിഎസ് എൻട്രോക്ക് സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്.

മുഹമ്മദ് യാസീൻ ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ആക്റ്റീവ സ്കൂട്ടറിലാണ് രണ്ട് പേർ ഹെൽമറ്റ് ധരിക്കാതെ പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടത്. ആക്റ്റീവ സ്കൂട്ടറിന്റെ നമ്പർ കെഎൽ 57 വൈ 4424 ആയിരുന്നു. വാഹനത്തിന്റെ അവസാന നമ്പർ മാറിയാണ് പിഴ ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അലസമായ പ്രവൃത്തിയാണ് ആൾ മാറി പിഴ ചെലാൻ വരാൻ ഇടയാക്കിയതെന്നാണ് യാസീൻ സംശയിക്കുന്നത്.

