Kerala

താൻ ജനിച്ചത് തന്നെ ​ഗുരുദേവ ജയന്തി ദിനത്തിലെന്ന് എഎം ആരിഫ് എംപി; പുണ്യ സ്ഥലമായ മക്കയിലും മദീനയിലും മാത്രമല്ല അമൃതാനന്ദമയി മഠത്തിലും പോകാറുണ്ടെന്നും വെളിപ്പെടുത്തൽ

ഒരിടത്ത് പോയാൽ സംഘിയും, മറ്റേടത്തു പോയാൽ സുഡാപ്പിയും ആക്രമിക്കുന്നത് പലപ്പോഴായി നടന്നു കൊണ്ടിരിക്കുന്നുവെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. ആയില്യദിവസം മണ്ണാറശാല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ തനിക്കെതിരെ മുസ്ലീം ​ഗ്രൂപ്പുകളിൽ വർ​ഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. താൻ വളർന്നുവന്ന സാഹചര്യവും വിശ്വാസവും പഠിപ്പിച്ചിട്ടുള്ളത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണെന്നും ആരിഫ് എംപി കൂട്ടിച്ചേർത്തു. താൻ ജനിച്ചത് തന്നെ ​ഗുരുദേവ ജയന്തി ദിനത്തിലാണെന്നും ആരിഫ് പറയുന്നു.

എഎം ആരിഫിന്റെ കുറിപ്പ് ഇങ്ങനെ…

മത വിദ്വേഷം പരത്തുന്നവരെ ഒറ്റപ്പെടുത്തുക… ഒരു ജനപ്രതിനിധിക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വരും. ഞാൻ വളർന്നുവന്ന സാഹചര്യവും എന്റെ വിശ്വാസവും എന്നെ പഠിപ്പിച്ചിട്ടുള്ളത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ഏതു ചടങ്ങിൽ പോയാലും ബൈബിളിലെയും, രാമായണത്തിലെയും, ഖുർആനിലെയും മഹത്തായ സൂക്തങ്ങൾ ഉച്ചരിച്ചും അവയെ ബഹുമാനിച്ചുമാണ് ഞാൻ സംസാരിക്കാറുള്ളത്. അവയൊന്നും പൂർണ്ണമായി പഠിച്ചിട്ടില്ലെങ്കിലും കഴിവിന്റെ പരമാവധി പഠിക്കാനും വായിക്കാനും സമയം കിട്ടുമ്പോഴെല്ലാം ശ്രമിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു മതാരാധനയുമായി ബന്ധപ്പെട്ട് അവിടെ പോയാൽ ചിലർ അതിനെ വർഗ്ഗീയ വിഷം കലർത്തി വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാൻ കുറച്ചു കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ പാർലമെന്റ് മണ്ഡലത്തിലെ മണ്ണാറശാല ക്ഷേത്രം ഹൈന്ദവ മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ആയില്യ ദിവസങ്ങളിൽ ഞാൻ എല്ലാ വർഷവും മുടങ്ങാതെ അവിടെ സന്ദർശിക്കുകയും അവരുടെ ആചാര മര്യാദയനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാറുമുണ്ട്. അവിടുത്തെ അമ്മയെയും മറ്റും കാണുമ്പോൾ തൊഴുതുന്നത് എന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം ചിത്രങ്ങൾ എടുത്ത് ചില മുസ്ലിം ഗ്രൂപ്പുകളിലിട്ട് വർഗീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം.

ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും, പുണ്യ സ്ഥലമായ മക്കയിലും മദീനയിലും, ലണ്ടനിലെ പ്രശസ്തമായ സെന്റ് പോൾസ് കത്തീഡ്രൽ ചർച്ചിലും, ഹരിദ്വാറിലും, ഋഷികേഷിലും, ശബരിമലയിലും, എന്റെ മണ്ഡലത്തിൽ തന്നെയുള്ള അമൃതാനന്ദമയി മഠത്തിലും ഞാൻ പോകാറുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ എന്റെ പേര് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തായിരുന്നു. ഞാൻ ജനിച്ചത് തന്നെ ഗുരുദേവ ജയന്തി ദിനത്തിലാണ്. ഒരിടത്ത് പോയാൽ സംഘിയും, മറ്റേടത്തു പോയാൽ സുഡാപ്പിയും ആക്രമിക്കുന്നത് പലപ്പോഴായി നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ മതവിദ്വേഷം ഇളക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top