കോട്ടയം:കിടങ്ങൂർ:ഒരേ മാളത്തിൽ നിന്നും നാടിനെ വിറപ്പിച്ച നാലാമത്തെ മൂർഖൻ പാമ്പിനെയും പിടികൂടി.കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ മൂന്തോട് ഉള്ള കളപ്പുരയ്ക്കൽ സണ്ണിയുടെ ഭവനത്തിനടുത്തുള്ള വിറകു പുരയോട് ചേർന്നുള്ള കയ്യാലയിലുള്ള മാളത്തിൽ നിന്നുമാണ് നാലാമനെയും പിടികൂടിയത്.കഴിഞ്ഞ ദിവസം വീട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ സ്നേക്ക് റെസ്‌ക്യൂവേഴ്സ് മൂന്ന് മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്.

വീണ്ടും കളപ്പുരയ്ക്കൽ വീട്ടുകാർ നിരീക്ഷണത്തിലായിരുന്നു.അതിനെ തുടർന്ന് ഒരു മൂർഖൻ പാമ്പ് വീടിന്റെ പരിസരത്ത് കൂടി ഇഴഞ്ഞു പോകുന്നത് വീട്ടമ്മയായ വത്സമ്മയാണ് കണ്ടെത്തിയത്.പാമ്പ് മാളത്തിൽ കയറിയ ശേഷം വനം വകുപ്പിന്റെ പരിശീലനം ലഭിച്ചിട്ടുള്ള സിബി ജോസഫ് പ്ലാത്തോട്ടം.,ഷെൽഫി മേലുകാവ് മറ്റം.,നിധിൻ സി വടക്കൻ എന്നിവരെ അറിയിക്കുകയായിരുന്നു.അറിയിപ്പ് ലഭിച്ചപ്പോൾ രാത്രി ആയെങ്കിലും സംഭവത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അപ്പോൾ തന്നെ ഈ മൂവർ സംഘം പുറപ്പെടുകയായിരുന്നു.
മാളത്തിലൊളിച്ച മൂർഖൻ പാമ്പിനെ ടോർച്ച് വെളിച്ചത്തിലാണ് സാഹസികമായി ഇവർ പിടികൂടിയത്.തുടർന്ന് പാമ്പിനെ തുണി സഞ്ചിയിലാക്കുകയും,വേറെ പാമ്പിനായി തിരച്ചിൽ നടത്തുകയും ചെയ്ത സംഘം മറ്റു പാമ്പുകൾ വിറകു പുരയുടെ ഭാഗത്തില്ലെന്ന് നിരീക്ഷണം നടത്തിയാണ് പിൻവാങ്ങിയത്.പാമ്പിനെ പിടിക്കുന്നത് കാണാൻ പരിസരവാസികളെല്ലാവരും എത്തിയിരുന്നു.
ഇപ്പോൾ മൂർഖൻ പാമ്പിന്റെ പ്രജനന കാലമാണ്.അതാണ് ഇപ്പോൾ തണുപ്പുള്ള പ്രദേശങ്ങൾ തേടി മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് ഇവ വരുന്നതെന്ന് വനം വകുപ്പ് അംഗീകരിച്ച റെസ്‌ക്യൂവർമാരായ നിതിൻ സി വടക്കൻ,സിബി ജോസഫ്,ഷെൽഫി ജോസഫ് എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു.

