ചിങ്ങവനം: വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപുഴശ്ശേരി മാരാമൺ ഭാഗത്ത് പാറയിൽ കണ്ടത്തിൽ വീട്ടിൽ അനിൽകുമാർ (38), കൊല്ലം പെരുനാട് കൊച്ചടിയത്ത് പനയിൽ വീട്ടിൽ കാവനാട് ശശി എന്ന് വിളിക്കുന്ന ശശി (51), തിരുവല്ല പൂമംഗലം വീട്ടിൽ ശരത് (38), ആറന്മുള പറപ്പാട്ടുകരയിൽ വീട്ടിൽ ഉല്ലാസ് (40) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അനിൽകുമാറും, ശശിയും ചേർന്ന് ബൈക്കിൽ പതിനെട്ടാം തീയതി രാവിലെ 6:00 മണിയോടുകൂടി പരുത്തുംപാറ ഭാഗത്ത് വച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ വയോധികയെ ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന മൂന്നു പവന്റെ മാല വലിച്ചു പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഇവരുടെ ആക്രമണത്തിൽ വയോധികയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. അനിൽകുമാറും, ശശിയും ചേർന്ന് കവര്‍ന്ന മാല വിൽക്കാൻ സഹായിച്ചതിനാണ് ശരത്തിനെ പോലീസ് പിടികൂടുന്നത്. കൂടാതെ ഇവർക്ക് മോഷണത്തിന് വേണ്ട വാഹനം കൊടുത്തത് ഉല്ലാസ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇവര്‍ വില്പന നടത്തിയ മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ശശിക്ക് ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശരത്തിന് തിരുവല്ല, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം ഈസ്റ്റ്, പൊൻകുന്നം എന്നീ സ്റ്റേഷനുകളിലും, ഉല്ലാസിന് ആറന്മുള സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി വിശ്വനാഥൻ, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ,സജി സാരംഗ്, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത്, ബിനു, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നാലു പേരെയും കോടതിയിൽ ഹാജരാക്കി.

