Kerala

ഫീൽഡിങ് കരുത്തിൽ ആസ്‌ട്രേലിയ വിജയിച്ചു;ആശയുമായെത്തിയ ഇന്ത്യയ്ക്ക് നിരാശയുടെ സങ്കട കണ്ണീർ

ചരിത്രം ആവർത്തിച്ചു, അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് സങ്കടക്കണ്ണീർ; ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം.തുടർച്ചയായ പത്ത് വിജയവുമായെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ താരരാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചത്.2003 ലെ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് മറുപടി നല്കാനിറങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ ഒരു മേഖലയിലും മികവ് കാട്ടാനായില്ല.സ്കോർ – ഇന്ത്യ 240 (50), ഓസ്ട്രേലിയ 241/4 (43).

ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയ ലക്ഷ്യം പിന്തുടരാനെത്തിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 47 ന് 3 എന്ന നിലയിൽ തകർന്നു, അവിടെ തീർന്നു ഇന്ത്യയുടെ സന്തോഷവും, ഗാലറികളിലെ ആരവവും.നാലാം വിക്കറ്റിൽ ഒത്ത് ചേർന്ന ട്രാവിസ് ഹെഡ്, മാർനസ് ലബുഷയ്ൻ എന്നിവരാണ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത്.സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച ഓപ്പണർ ട്രാവിസ് ഹെഡാണ് ഓസീസിൻ്റെ വിജയശില്പി.

ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ട്രാവിസ് ഹെഡ് 137(120)പുറത്തായി.ലബുഷയ്ൻ 58(110) റണ്‍സോടെ പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര രണ്ടും, മുഹമ്മദ് ഷമി ഒന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് നേട്ടത്തോടെ 24 വിക്കറ്റുമായി ഷമി ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമതെത്തി.നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് ഒരറ്റത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ കത്തിക്കയറിയപ്പോൾ നാലോവറിൽ സ്കോർ മുപ്പതിലെത്തി.

താളം കണ്ടെത്താൻ വിഷമിച്ച ശുഭ്മാൻ ഗില്ലിനെ പുറത്താക്കി മിച്ചൽ സ്റ്റാർക് ആദ്യ പ്രഹരം ഏല്പിച്ചു.വിരാട് കോലി എത്തിയതോടെ രോഹിത് ശർമ്മ ടോപ്പ് ഗിയറിലായി. 6.3 ഓവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു.മാക്സ് വെല്ലിൻ്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് 47 ( 31) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് രോഹിത് 47 റൺസെടുത്തത്.

തുടർന്നെത്തിയ ശ്രയസ് അയ്യർ പെട്ടെന്ന് മടങ്ങി. തുടർന്ന് ഒന്നിച്ച കോലി രാഹുൽ സഖ്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 15.4 ഓവറിൽ ടീം സ്കോർ 100 കടന്നു.അർധ സെഞ്ച്വറി തികച്ചയുടൻ വിരാട് കോലി 54 (63) പുറത്തായി. ജഡേജയ്ക്കും 9 (22) കാര്യമായി ഒന്നും ചെയ്യാനായില്ല.അർധ സെഞ്ച്വറി തികച്ച രാഹുലിലായിരുന്നു പിന്നീട് ഇന്ത്യൻ പ്രതീക്ഷകളെങ്കിലും ഓസീസ് വിട്ടുകൊടുത്തില്ല. 66 റൺസിൽ രാഹുൽ പുറത്ത്. സൂര്യകുമാർ യാദവ് പിന്നേയും നിരാശപ്പെടുത്തി 18 (28).

വാലറ്റക്കാർ നടത്തിയ ചെറിയ ചെറുത്തു നില്പാണ് സ്കോർ 240 ൽ എത്തിച്ചത്.ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്നും, പാറ്റ് കമ്മിൺസ്, ജോഷ് ഹെയ്സൽ വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.765 റൺസോടെ വിരാട് കോലി ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top