പാലക്കാട്: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.

കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്.മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്‌പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു.
ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്‌നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്‌സിന് പുറമേ കൂടുതല്‍ പണം തമിഴ്‌നാട്ടില്‍ അടയ്‌ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

