Crime

റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്കു നേരെ തിളച്ച പാലൊഴിച്ചു

 

ചെങ്ങന്നൂര്‍ നഗരത്തില്‍ തീര്‍ഥാടക തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ -വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം.തട്ടുകടയിലെ സാധനങ്ങള്‍ മാറ്റുന്നത് തടഞ്ഞ ഉടമകളായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ തിളച്ച പാലൊഴിച്ചു.പാല്‍ വീണ് പൊള്ളലേറ്റ നഗരസഭാ ഹെല്‍ത്ത് സൂപ്രണ്ട് ടി. നിഷയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഴിപ്പിക്കുന്നതിന് സംരക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും അടക്കം ദേഹത്തും പാല്‍ വീണു.ഒഴിപ്പിക്കൽ തടയാനെത്തിയ സി പി എം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതളളമുണ്ടായി.എസ് ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സി പി എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച മൂന്നരയോടെയാണ് സംഭവം.

വെളിയാഴ്ച റെയില്‍വേ സ്റ്റേഷന്‍ റോഡിലെ തട്ടുകട ഒഴിപ്പിക്കാനെത്തിയപ്പോള്‍ നഗരസഭാ സെക്രട്ടറിക്കു നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു.തുടര്‍ന്ന് നഗരസഭയില്‍ സി ഐ ടി യു നേതൃത്വവുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.നേതാക്കള്‍ ഭീഷണി മുഴക്കി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

ഇതിന്റെ തുടർച്ചയായിട്ടാണ് ശനിയാഴ്ചത്തെ സംഭവം.തീര്‍ഥാടന കാലത്ത് റെയില്‍വേ സ്റ്റേഷന്‍- വെള്ളാവൂര്‍ ജങ്ഷന്‍ റോഡുവരെയും ഇടറോഡായ നവരത്‌ന ഹോട്ടല്‍ വരെയും യാതൊരു തരത്തിലുള്ള വഴിയോര കച്ചവടവും അനുവദിക്കില്ലെന്ന് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു.

ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള കച്ചവടം ഒഴിപ്പിക്കാന്‍ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇതനസരിച്ചാണ് നഗരസഭാ സെക്രട്ടറി സുഗധകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം നടപടി തുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top