കോട്ടയം :പാലയ്ക്കടുത്തുള്ള കൊല്ലപ്പള്ളി ഗ്രാമത്തിന് ഇന്ന് ഉത്സവമായിരുന്നു.രാവിലെ തന്നെ റോബിൻ ബസിന് സ്വീകരണമൊരുക്കാനുള്ള സംഘാടകരായ ശ്യാംകുമാർ കൊല്ലപ്പള്ളി ,സജീവ് കെ.ആർ ,സച്ചിൻ എടക്കര ,ജനീഷ് ജോസഫ് ,റോജൻ ജോർജ് ,സണ്ണി തറപ്പേൽ ,ബിനോയി കൊല്ലപള്ളി ,സുബിൻ സത്യൻ ,ജോജോ തെക്കേകരോട്ട് തുടങ്ങിയവർ എത്തിയിരുന്നു.

അതിനിടയിലാണ് ഭരണങ്ങാനത്തിനടുത്ത് ഇടപ്പടിയിൽ വച്ച് എം വി ഡി റോബിൻ ബസ്സിനെ തടഞ്ഞത് വാർത്തയായത്.എന്നാൽ അത് സ്വീകരണമൊരുക്കിയ സംഘാടകരിൽ ആവേശമാണ് ഉണ്ടാക്കിയത്.ഒരു വ്യവസായം തുടങ്ങുന്ന ആൾക്ക് കേരളം നൽകുന്ന സമ്മാനമാണിത് എന്നായി ശ്യാം കുമാർ കൊല്ലപ്പള്ളി .ജനങ്ങൾ വാർത്തയറിഞ്ഞു എത്തിക്കൊണ്ടിരുന്നു .പടക്കം കൊല്ലപ്പള്ളി പാലത്തിന്റെ സൈഡിൽ തന്നെ കെട്ടി.ഓരോരോ പടക്കങ്ങൾ പൊട്ടിച്ച് ജനം ആർപ്പ് വിളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആരോ വിളിച്ചു പറഞ്ഞു അതാ വണ്ടി വരുന്നുണ്ട് .
പിന്നെയൊരു ആരവമായിരുന്നു. ഇതിനിടയിൽ പടക്കം പൊട്ടി .പൂക്കൾ കരുതിയിരുന്നവർ പൂക്കൾ വാരി വിതറിക്കൊണ്ടിരുന്നു.പലരും ഓടിച്ചെന്നു ബസ്സുടമയെ ഉമ്മ വച്ചു.പലരും ചേർന്ന് നിന്ന് സെൽഫി എടുത്തു.ഇതിനിടയിൽ അനേകർ ഫേസ്‌ബുക്കിൽ ലൈവ് ചെയ്യുന്നുമുണ്ടായിരുന്നു.മഞ്ഞപ്പൂക്കൾ കൊണ്ടുള്ള ഹരമണിയിച്ചപ്പോൾ ബസുടമ ഗിരീഷിന്റെ മനസും ഒന്ന് കുളിർത്തു.
ഇടപ്പാടിയിൽ പിടിച്ചല്ലോ പിഴയടിച്ചോ എന്ന് കോട്ടയം മീഡിയാ ചോദിച്ചപ്പോൾ അവിടെ പിഴയിട്ടില്ല തടഞ്ഞെന്നേയുള്ളൂ എന്ന് ഗിരീഷ് പറഞ്ഞു .പത്തനംതിട്ടയിൽ പിഴയടച്ചതിന്റെ രസീത് ഞാൻ കോടതിക്ക് കൊടുക്കുമെന്നും അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .ജനം എന്റെ കൂടെയുള്ളപ്പോൾ എനിക്കൊന്നും ഭയക്കാനില്ലെന്നും ഗിരീഷ് പറഞ്ഞു .ഇതിനിടെ എം വി ഡി ക്കെതിരെ മുദ്രാവാക്യങ്ങളും മുഴങ്ങി .സ്വീകരണങ്ങളെല്ലാം കഴിഞ്ഞു റോബിൻ ബസ് മടങ്ങിയപ്പോൾ നാട്ടുകാരിലൊരാൾ പറഞ്ഞു മന്ത്രി ആന്റണി രാജുവിന് വകുപ്പ് ഭരിക്കാൻ അറിയില്ല .കോടതിയിൽ നിന്നും അണ്ടർവെയർ മോഷ്ടിക്കാൻ മാത്രം അറിയാം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

