പാലാ:മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തി വരുന്ന പര്യടനത്തിൻ്റെ ഭാഗമായി 5000 പേർ പങ്കെടുക്കുന്ന ജനസദസ്സ് സംഘടിപ്പിക്കുവാനും അതിനു വേണ്ട പന്തലിടുവാനുമുള്ള അനുവാദത്തോടുകൂടി ഡിസംബർ 7 മുതൽ 17 വരെ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം അനുവദിച്ചു നൽകിയ നഗരസഭാ അധികൃതരുടെ ധിക്കാരപരമായ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സ്റ്റേഡിയം നവകേരള സദസ്സിന് വേദിയാക്കാനോ അവിടഞ പന്തൽ കെട്ടുന്നതിനോ അനുവദിക്കില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസും നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സ്തീശ് ചൊള്ളാനിയും അറിയിച്ചു.

പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കി സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിച്ചത് കായിക മേളകൾ സംഘടിപ്പിക്കുവാനും,, കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും കായിക പരിശീലനം നടത്തുവാനും ആണ്. സിന്തറ്റിക് ട്രാക്ക് വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാൽ ഇപ്പോൾതന്നെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതു ഖജനാവിലെ കോടിക്കണക്കിന് രൂപ മുടക്കി പണിത പൊതുമുതൽ സർക്കാർ പരിപാടി സംഘടിപ്പിക്കുവാൻ വേണ്ടി നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
സ്റ്റേഡിയത്തിൻ്റെ പൂർണ്ണ തകർച്ച ഉറപ്പാക്കുന്ന രീതിയിൽ ആയിരങ്ങൾ ചവിട്ടിമെതിച്ചു പോകുന്നതിനും 5000 പേർക്ക് ഇരിക്കുന്നതിനുമുള്ള പന്തൽ കെട്ടാനുള്ള കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.ഈ തീരുമാനം പൊതുജനങ്ങളോടും കായികലോകത്തോടും കായിക പ്രേമികളോടും ഉള്ള വെല്ലുവിളിയാണ് .
നിരവധി ദേശീയ അന്തർദേശീയ താരങ്ങൾക്ക് ജന്മം നൽകിയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നശിപ്പിക്കാനും ആർഭാട മാമാങ്കത്തിന് വേദിയാക്കാനും അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

