തൊടുപുഴ :മുട്ടം: മാത്തപ്പാറയിൽ കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി. മാത്തപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ താമസിക്കുന്ന പോളിടെക്നിക് കോളേജ് വിദ്യാർഥികളും സമീപത്തെ താമസക്കാരായ നാട്ടുകാരുമാണ് ചൊവ്വാഴ്ച രാത്രി 11ഓടെ ഏറ്റുമുട്ടിയത്. വിദ്യാർത്ഥികൾ അമിതശബ്ദത്തിൽ പാട്ട് വച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.സമീപവാസിയായ നാട്ടുകാരിലൊരാൾ ശബ്ദം കുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.

തുടർന്ന് മുട്ടം പോലീസിനെ വിളിച്ചു വരുത്തിയതോടെ വിദ്യാർത്ഥികൾ ശാന്തരാകുകയും പോലീസ് മടങ്ങിയ വീണ്ടും ബഹളം കൂടി വാക്കേറ്റവും കയ്യാങ്കളിയും ആവർത്തിക്കുകയായിരുന്നു.10 പേർക്ക് മാത്രം താമസിക്കാൻ കഴിയുന്ന കെട്ടിടത്തിൽ 30 ഓളം പേർ ഒത്തുകൂടിയതായും നാട്ടുകാർ പറഞ്ഞു. സംഘർഷത്തിൽ ഇരു കൂട്ടർക്കും പരിക്കേറ്റു.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.വിദ്യാർത്ഥികളിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവർ കേസിനായി ഇൻ്റിമേഷൻ നൽകിയെങ്കിലും മൊഴി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

