Kerala

കര്‍ഷകര്‍ പലിശയ്ക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോൾ മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നു; പ്രതിപക്ഷ നേതാവ്

 

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പലതവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
നെല്ല് സംഭരണത്തിന്റെ പണം നല്‍കാനാകാതെ ആറ് മാസമായി പ്രതിസന്ധി നിലനില്‍ക്കുകയാണ്. നെല്ല് സംഭരണത്തില്‍ പാഡി റെസീപ്റ്റ് ഷീറ്റ് വാങ്ങി ബാങ്കുകള്‍ പണം നല്‍കുന്നത് വായ്പ പോലെയാണ്. മൂന്ന് മാസം തുടര്‍ച്ചയായി ലോണ്‍ അടയ്ക്കാതിരുന്നാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുകയും ലോണ്‍ എടുത്തയാളുടെ സിബില്‍ സ്‌കോര്‍ താഴേയ്ക്ക് പോകുകയും ചെയ്യും. നെല്ല് വിറ്റ് ബാങ്കില്‍ നിന്നും സര്‍ക്കാര്‍ പറയുന്നതനുസരിച്ച് പണം വാങ്ങിയാലും അത് കര്‍ഷകന്റെ വ്യക്തിപരമായ ബാധ്യതയായി മാറുകയാണ്. ഇതോടെ മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ കിട്ടാത്ത അവസ്ഥയിലാകും. ഇക്കാര്യം പലതവണ സര്‍ക്കാരിനോട് പറഞ്ഞിട്ടും പരിഹരിക്കാന്‍ ഒരു ശ്രമവും കൃഷി, സിവില്‍ സപ്ലൈസ് മന്ത്രിമാരുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

പെന്‍ഷന്‍ കിട്ടാതെ രണ്ട് വയോധികമാര്‍ മരുന്ന് വാങ്ങാന്‍ ഭിക്ഷാ പാത്രവുമായി ഇറങ്ങി. 80 വയസ് കഴിഞ്ഞ അവരെയും സി.പി.എമ്മിന്റെ സൈബര്‍ സഖാക്കള്‍ ആക്രമിക്കുകയാണ്. അവരുടെ മക്കള്‍ അമേരിക്കയിലാണെന്നും രണ്ടേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നുമാണ് പറഞ്ഞത്. പക്ഷെ ദേശാഭിമാനി ഇന്ന് തിരുത്ത് നല്‍കി. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ പത്രപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്നലെ ശക്തമായാണ് സംസാരിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനിയാണ്. വയോധികരായ ഈ അമ്മമാര്‍ക്കെതിരെ വരെ അപവാദ പ്രചരണം നടത്തി. എവിടെ ആത്യമഹത്യ ഉണ്ടായാലും അതിന്റെ യാഥാര്‍ത്ഥ കാരണം അതല്ലെന്ന് ദേശാഭിമാനി പ്രചരിപ്പിക്കും. ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിച്ചു.

പലിശയ്ക്ക് പണമെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. അവരുടെ ഉല്‍പന്നത്തിനുള്ള പണം നല്‍കാനാകാതെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒരു കോടി രൂപയുടെ ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നത്. നവകേരളസദസിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന പണം പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.

കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സപ്ലൈകോ ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോഴും ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡിറ്റ് നടത്തിയാല്‍ മാത്രമെ പണം ലഭിക്കൂ. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പണം ലഭിച്ചില്ലെങ്കില്‍ നമുക്ക് ഒന്നിച്ച് കേന്ദ്രത്തിനെതിരെ നില്‍ക്കാം. സംഭരണ വില കര്‍ഷകര്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കേണ്ടത്. ആറ് മാസമായി വിതരണക്കാരുടെ പണം സപ്ലൈകോ നല്‍കുന്നില്ല. ആരും ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനാല്‍ 13 അവശ്യവസ്തുക്കളില്‍ ഒന്നു പോലും സപ്ലൈകോയിലില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ പണവും സപ്ലൈകോ നല്‍കിയിട്ടില്ല. 4000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളതല്ല.

മണ്ണ് മാഫിയയ്ക്ക് എതിരായ നൂറനാട്ടെ ജനകീയ സമരത്തിന് എതിരാണ് സര്‍ക്കാരെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കും. ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലും ജി.എസ്.ടിയിലും അഴിമതിയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ജി.എസ്.ടി ഇന്റലിജന്‍സ് അഡീ. കമ്മിഷണര്‍ക്കാണ് കേരളീയം സ്‌പോണ്‍സര്‍ഷിപ്പിന്റെ ചുമതലയും. റെയ്ഡ് നടത്തുന്ന ജി.എസ്.ടി ഇന്റലിജന്‍സ് കേരളീയത്തിന് പണം വാങ്ങി നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് മാഫിയകളെ സഹായിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top