Kerala

ശബരിമല തീർത്ഥാടനം: കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിൽ വിപുലമായ സന്നാഹങ്ങൾ

 

കോട്ടയം :സുഗമമായ ശബരിമല തീർത്ഥാടനത്തിന് ഭക്തർക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂർ എന്നിവയാണ് ജില്ലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങൾ.

ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും മുഴുവൻ സമയവും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്ക് അഗ്‌നിരക്ഷാ വകുപ്പിന് വെള്ളം എടുക്കാനുളള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏരുമേലി കേന്ദ്രീകരിച്ച് റവന്യൂ കൺട്രോൾ റൂം തുടങ്ങുകയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയമിക്കുകയും ചെയ്തു. റവന്യൂ, പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേർത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ചു.

താലൂക്ക് തലത്തിലും ഇതേ മാതൃകയിൽ സ്‌ക്വാഡ് പ്രവർത്തിക്കും.ഇടത്താവളങ്ങളിൽ കൃത്യമായ പെട്രോളിംഗ് നടത്തുന്നതിനും അതാത് ദേവസ്വവുമായി ബന്ധപ്പെട്ട് സ്ഥല സൗകര്യം ലഭ്യമാക്കി കൺട്രോൾ റൂം തുടങ്ങുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിൽ മെഡിക്കൽ എയ്ഡ് സംവിധാനം ഏർപ്പെടുത്തി. സമീപഹോട്ടലുകളിലെ കുടിവെളളത്തിന്റെ ഉപയോഗയോഗ്യത ഉറപ്പുവരുത്തി. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. ക്ലോറിനേഷൻ, ഫോഗിംഗ് എന്നീ പ്രവർത്തനങ്ങൾ തുടരുകയാണ്.കോട്ടയം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ എയ്ഡ് കൗണ്ടർ പ്രവർത്തിക്കും. കണമലയിൽ എ.എൽ.എസ് ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ, കടപ്പാട്ടൂർ ഇടത്താവളങ്ങളിലും കാളകെട്ടി താത്കാലിക ഡിസ്‌പെൻസറിയിലും ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

എരുമേലി ഗ്രാമപഞ്ചായത്തിൽ അയ്യപ്പഭക്തർ കടന്നു പോകുന്ന എല്ലാ വഴികളിലും നടപ്പാതകളിലും വഴി വിളക്ക് സംവിധാനം ഏർപ്പെടുത്തി. ദിശാ മുന്നറിയിപ്പ് ബോർഡുകൾ, ആശുപത്രികളിലേക്കുള്ള ദൂര പരിധി കാണിക്കുന്ന ബോർഡുകൾ തുടങ്ങിയവ നിശ്ചിത മാതൃകയിൽ ആറ് ഭാഷകളിൽ എഴുതി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വഴിയരികിലെ കാടുകൾ നീക്കം ചെയ്യുന്നതും എരുമേലയിൽ പുരോഗമിക്കുന്നു.
കടവുകളിലും വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കി. അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു. അപകട സാധ്യത ഉള്ള കടവുകളിൽ പ്രത്യേകമായി കയർ കെട്ടി തിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കൊരട്ടി, കണമല, അഴുത, മൂക്കൻപെട്ടി, തുടങ്ങി 10 കടവുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ അപേക്ഷ സ്വീകരിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ഓരുങ്കൽ കടവ്, പേരൂർ തോട് തുടങ്ങിയ സ്ഥലങ്ങളിലെ കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കി ലേലം ചെയ്ത് നൽകി. വലിയമ്പലത്തിന്റെ മുൻഭാഗത്തുള്ള തോട്ടിലെ ചെളി നിറഞ്ഞ ഭാഗം ജെ.സി.ബി ഉപയോഗിച്ച് ക്ലീൻ ചെയ്യും. അയ്യപ്പഭക്തർക്ക് കുളിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലകാലത്ത് എരുമേലിയിൽ പ്രവർത്തിക്കുന്ന താൽക്കാലികകടകളിൽ നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പദ്ധതി ഏറ്റെടുത്തു. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേകം ഏജൻസിയുമായി കരാർ വച്ചു. എരുമേലി ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ഉണ്ടായിരുന്ന പാരമ്പര്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സ്വകാര്യ ഏജൻസിയുമായി കരാർ വച്ചു. മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
എരുമേലി സാമൂഹീകാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് എരുമേലി ടൗണും പരിസരവും എല്ലാ ദിവസവും ഫോഗിംഗ് നടത്തുന്നതിനും ക്ലോറിനേഷൻ ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അയ്യപ്പ ഭക്തർ പേട്ടതുള്ളിവരുന്ന പാതയിലെ പൊടി ശല്യം നിയന്ത്രിക്കുന്നതിന് എല്ലാ ദിവസവും മൂന്ന് പ്രാവശ്യം വീതം റോഡിൽ വെള്ളം തളിക്കുന്നതിനുള്ള പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. കണമല പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top