Politics

സംസ്ഥാന പ്രസിഡന്റായി ബി.വൈ.വിജയേന്ദ്രയുടെ നിയമനം കർണ്ണാടക ബിജെപിയിൽ ഗ്രൂപ്പിസം ശക്തം

ബംഗളൂരു: സംസ്ഥാന പ്രസിഡന്റായി ബി.വൈ.വിജയേന്ദ്രയുടെ നിയമനം ബിജെപിയിലെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥരാക്കി. ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി, മുന്‍ മന്ത്രി കെ.എസ്.ഈശ്വരപ്പ തുടങ്ങിയവരാണു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചത്. നിയമനത്തെക്കുറിച്ചു ചില ചോദ്യങ്ങളുണ്ടെങ്കിലും തെറ്റിദ്ധരിക്കപ്പെടുമെന്നതിനാല്‍ ചോദിക്കുന്നില്ലെന്നു സി.ടി.രവി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും ബിജെപിയെ വിജയത്തിലെത്തിക്കുക എന്നതാണു വിജയേന്ദ്രയെ പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്ന ദൗത്യമെന്നും സംസ്ഥാന അധ്യക്ഷ പദവിക്കായി നേരത്തെ ചരടുവലി നടത്തിയിരുന്ന സി.ടി.രവി പറഞ്ഞു.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിജയേന്ദ്രയുടെ കൈകളിലാണെന്ന് ഇതുകൊണ്ട് അര്‍ഥമാകുന്നില്ലെന്നാണ് ഈശ്വരപ്പ പ്രതികരിച്ചത്. ബിജെപി ഒരാള്‍ നയിക്കുന്ന പാര്‍ട്ടിയല്ല. കോടിക്കണക്കിന് അംഗങ്ങളാണ് പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ശിവമൊഗ്ഗയില്‍ പറഞ്ഞു. വിജയേന്ദ്രയുടെ നിയമനത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുന്‍ മന്ത്രി വി.സോമണ്ണ, അരവിന്ദ് ബെല്ലാഡ് എംഎല്‍എ എന്നിവര്‍ തയാറായില്ല. ഇവരും സംസ്ഥാന അധ്യക്ഷ പദവി ലക്ഷ്യമിട്ടിരുന്നവരാണ്. അതേസമയം വിജയേന്ദ്രയുടെ നിയമനത്തിന്റെ പേരില്‍ ബിജെപിക്കുള്ളില്‍ എതിര്‍ശബ്ദങ്ങളൊന്നും ഇല്ലെന്നും മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹത്തോടെയാണു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നതെന്നും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗം കൂടിയായ യെദിയൂരപ്പ പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ടു ബിജെപിക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ ഭിന്നതകളുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ പരിഹരിച്ച് എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകുമെന്നു വിജയേന്ദ്ര പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെ പാര്‍ട്ടിയെ നയിക്കുക എന്നതാണു പ്രഥമ പരിഗണന. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയ യെദിയൂരപ്പയെ പാര്‍ട്ടി തഴഞ്ഞുവെന്ന അഭിപ്രായം തനിക്കില്ല. സ്ഥാനമൊഴിഞ്ഞ ശേഷം സംസ്ഥാന പര്യടനം നടത്തിയും മറ്റും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി അദ്ദേഹം കൂടുതല്‍ സജീവമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളിലും ബിജെപിയുടെ വിജയമുറപ്പാക്കും. ജനതാദള്‍ എസുമായുള്ള സഖ്യ ധാരണ സംബന്ധിച്ചു വിശദമായ ചര്‍ച്ചയ്ക്കായി ഉടന്‍ കേന്ദ്ര നേതാക്കളെ സന്ദര്‍ശിക്കുമെന്നും വിജയേന്ദ്ര പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top