തിരുവനന്തപുരം: കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സിപിഎം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിനെ കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 വീടുകള്‍ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.’ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. അതിനായി പാര്‍ട്ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു.’ പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 25 വീടുകള്‍ യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

