തൊടുപുഴ:തൊടുപുഴ നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ കേരള ഹൈക്കോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി കഴിഞ്ഞ നഗരസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച മാത്യു ജോസഫ് 2021 സെപ്റ്റംബർ മാസം 16 ആം തീയതി യുഡിഎഫിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയിലേക്ക് കൂറ് മാറിയതിനെ തുടർന്ന് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
മാത്യു ജോസഫ് തൊടുപുഴ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് സിപിഎം നേതാവ് എം എം മണിയുടെ സാന്നിധ്യത്തിൽ കേരള കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പതാക സ്വീകരിച്ച് സിപിഎമ്മിൽ ചേരുകയായിരുന്നു. ഇതേ തുടർന്ന് ഹർജിക്കാർ അഡ്വ. ജോസി ജേക്കബ് മുഖാന്തരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ മാത്യുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി ഫയൽ ചെയ്തിരുന്നു. കേസിൽ ഹർജിക്കാർക്ക് പുറമേ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ, നഗരസഭ സെക്രട്ടറി, മാതൃഭൂമി സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം ബിലീന, ദീപിക ഇടുക്കി ജില്ല റിപ്പോർട്ടർ ജെയിസ് വി കുര്യാക്കോസ് എന്നിവരെ സാക്ഷികളായി വിസ്തരിക്കുകയും നിരവധി രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ മാത്യു ജോസഫ് കാല് മാറിയ സമയം അദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നില്ല എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹർജി തള്ളുകയും അതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ആയിരുന്നു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന സമയം അംഗീകൃത രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല എന്നും അതിനാൽ തന്നെ കൂറ് മാറ്റം നിലനിൽക്കില്ല എന്നുമുള്ള മാത്യു ജോസഫിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന വേളയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നു എന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. അതിനാൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളായി മത്സരിച്ചവർ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കോ മറ്റ് മുന്നണിയിലേക്ക് കൂറുമാറിയാൽ അംഗങ്ങൾ അയോഗ്യരാവുന്നതാണ് ഹൈക്കോടതി വിധി. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ കൂറ് മാറുന്നതിലൂടെ സർക്കാർ ഖജനാവിന് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കൂറ് മാറിയവരിൽ നിന്ന് ഈടാക്കുന്നതിന് നിയമനിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിയിൽ നിർദ്ദേശിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. കെ സി വിൻസൻറ്, അഡ്വ. മാത്യു കുഞ്ചത്ത്, അഡ്വ. ജോസി ജേക്കബ് എന്നിവർ ഹാജരായി.

