Kerala

ഇടുക്കി ലീഗിൽ പൊട്ടിത്തെറി;ജില്ലാ പ്രസിഡണ്ട് ജില്ലാ ആഫീസ് താഴിട്ട് പൂട്ടി;കുപിതനായ ജില്ലാ സെക്രട്ടറി മറ്റൊരു താഴിട്ട് വീണ്ടും പൂട്ടി

ഇടുക്കി: മുസ്ലീം ലീഗ് ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി. ഇതിന് പുറമേ സംഘടിച്ചെത്തിയ ഒരു വിഭാഗത്തിലുള്ളവര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിയതായും പോസ്റ്റര്‍ പതിച്ചു. ഓഫീസ് പൂട്ടിയിടാന്‍ ഓഫീസ് സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റ് നിര്‍ദേശം നല്‍കിയതിന് പിന്നാലെ മറ്റൊരു വിഭാഗം സംഘടിച്ചെത്തി മറ്റൊരു താഴിട്ട് ഓഫീസ് പൂട്ടിപ്പോകുകയായിരുന്നു.

കഴിഞ്ഞ ദിവസം വണ്ണപ്പുറത്ത് നടന്ന എസ്ടിയു സംസ്ഥാനതല ജാഥാ സ്വീകരണത്തിനെത്തിയ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ നാലുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരു വിഭാഗത്തിലുള്ളവരും നവമാധ്യമങ്ങളില്‍ കൂടി പരസ്പരം ആരോപണം ഉന്നയിക്കുകയും പോര്‍വിളി നടത്തുകയും ചെയ്തു. ഈ സംഭവവികാസങ്ങളാണ് ഓഫീസ് പൂട്ടലിലേക്കും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തുറന്ന പോരിലേക്കും എത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ അനുമതിയില്ലാതെ ഓഫീസോ ഓഡിറ്റോറിയമോ മറ്റാര്‍ക്കും തുറന്ന് കൊടുക്കരുതെന്നും തത്ക്കാലത്തേക്ക് ഓഫീസ് പൂട്ടിയിടാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍ ഓഫീസ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ഇതറിഞ്ഞ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടത്തിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകിട്ട് ഏഴുമണിയോടെ ജില്ലാ കമ്മിറ്റി ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടുകയും ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിയതായി പോസ്റ്റര്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ഓഡിറ്റോറിയത്തിന്റെ താഴ് തകര്‍ത്ത് സലിം കൈപ്പാടത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top