ഒക്ടോബർ – ഡിസംബർ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരൽ കാലമാണ്. പൊതുവെ മനുഷ്യരുടെ മുന്നിൽ പെടാതെ തന്നെ ജനവാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകൾ, ഇണചേരൽ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാൽ അവയെ കാണുന്നതിനും അവയുടെ കടിയേൽക്കുന്നതിനും സാധ്യതയേറെയാണ്. പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ അവയെ തേടിയിറങ്ങുകയും, അത്തരത്തിൽ പലയിടത്ത് നിന്നും ആൺ പാമ്പുകൾ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനായുള്ള ആൺപോരിൽ ഏർപ്പെടുകയും ചെയ്യും. രാജവെമ്പാലകൾ ഇത്തരത്തിൽ ഒരു വനപ്രദേശത്ത് നിന്നും ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസ മേഖലകളിലൂടെ കടന്നുപോകാറുണ്ട്. ഇക്കാലയളവിൽ പാമ്പുകൾക്ക് പതിവിലധികം രൂക്ഷസ്വഭാവം കാണാറുണ്ട്. പരിചയസമ്പന്നനായ റെസ്ക്യൂവർമാരും ഈ സീസണിൽ പാമ്പുകളെ സമീപിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതാണ്.

പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം ജൻമസിദ്ധമാണ്. വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനെ കണ്ടാലും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരിപക്ഷം പാമ്പിനങ്ങളും അപകടകാരികളല്ല എന്നതാണ് സത്യം.
ജനവാസ മേഖലകൾ ഉൾപ്പെടെ മിക്കവാറും എല്ലാത്തരം ആവാസ വ്യവസ്ഥകളിലും പാമ്പുകൾ കാണപ്പെടുന്നുണ്ട്. പാമ്പുകൾക്ക് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുണ്ട്. എലിപ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങൾ പരത്തുകയും നമ്മുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന എലി, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് സുപ്രധാന പങ്കുണ്ട്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ സുരക്ഷിതമായി നിലനിർത്തുന്നതിൽ അവ നിസ്തുലമായ സേവനം നൽകി വരുന്നു.
കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. കേരളത്തിൽ കാണപ്പെടുന്നവയിൽ പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്രവിഷമുള്ളൂ. മൂർഖൻ (spectacled cobra), വെള്ളിക്കട്ടൻ (common krait – ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ,വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (Russel’s viper – തേക്കിലപ്പുള്ളി, വട്ടക്കൂറ, മഞ്ചട്ടി എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (Saw scaled viper – ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി (Hump nosed pit viper), രാജവെമ്പാല (King cobra) മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.
പാമ്പുകളിൽ നിന്നും നമ്മുടെ വാസസ്ഥലങ്ങളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്നതിന് ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.
സ്കൂളുകൾക്കും പാർപ്പിട- പാർപ്പിടേതര കെട്ടിടങ്ങൾക്കുമുള്ള പൊതു മുൻകരുതൽ നിർദ്ദേശങ്ങൾ:
1. കെട്ടിടത്തിന്റെ ഉൾഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
2. കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.
3. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകർഷിക്കും, എലിയുടെ സാന്നിധ്യം തീർച്ചയായും പാമ്പുകളെ ആകർഷിക്കും.
4. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുക, അങ്ങനെ അവ മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധം സംവിധാനിക്കുക.
5. ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
6. കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം. കട്ടിളയിൽ ചുവടുപടി ഇല്ലെങ്കിൽ മാറ്റ് ഉപയോഗിച്ച് കീഴിലെ വിടവ് നികത്താം.
7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.
8. രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.
9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാൻ.
10. വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ടുകൂടാം.
11. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.
12. വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളിൽ എത്തിക്കാൻ സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
പാമ്പുകൾ പ്രകൃതിയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ജനവാസസ്ഥലങ്ങളിൽ നിന്ന് മനുഷ്യന് ദോഷമില്ലാത്ത, വിഷമില്ലാത്ത പാമ്പുകളെ സത്യത്തിൽ പിടികൂടി നീക്കം ചെയ്യേണ്ട ആവശ്യമില്ല. പാമ്പ് കാരണം ജനങ്ങൾക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാൻ കേരള വനംവകുപ്പ് സുസംഘടിതമായ ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആയിരത്തി എഴുനൂറിൽപരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകർ ഉണ്ട്. പാമ്പുകൾ മൂലം അപകടസാധ്യതയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് അവർ സജ്ജരാണ്.
കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ, ദയവായി കേരള വനം വകുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക. അവർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യും. ഈ സേവനം സൗജന്യമാണ്.
ഇത് SARPA മൊബൈൽ ആപ്ലിക്കേഷൻ വഴിയോ SARPA ജില്ലാ ടീം ലീഡർമാർ വഴിയോ ചെയ്യാം.
SARPA പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്.
SARPA ജില്ലാ ടീം ലീഡർമാരുടെ ഫോൺ നമ്പറുകൾ താഴെ കൊടുക്കുന്നു:
1. തിരുവനന്തപുരം: ശരത് എം (9961832603)
2. കൊല്ലം: ലിജു താജുദീൻ (9947467006)
3. ഇടുക്കി: ഷാജി (9526896411)
4. പത്തനംതിട്ട: ദിൻഷ് ആർ (9495697907)
5. കോട്ടയം: അബീഷ് (8943249386)
6. ആലപ്പുഴ: സജി ജയമോഹൻ (9446387512)
7. എറണാകുളം: സ്വരാജ് (9645989488)
8. തൃശൂർ: ജോജു സി ടി (9745547906)
9. പാലക്കാട്: സിദ്ധാർത്ഥ് ശശിധരൻ (9605599024)
10. മലപ്പുറം: ജവാദ് കുടുക്കൻ (9567597897)
11. കോഴിക്കോട്: പ്രദീപ് കുമാർ (9447218426)
12. വയനാട്: വിഷ്ണു ഒ (8606262978)
13. കണ്ണൂർ: സുനിൽ (8547296450)
14. കാസർകോട്: കെ ടി സന്തോഷ് (8075448337)
പാമ്പ് കടിയേറ്റാൽ:
ആർക്കെങ്കിലും പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടനടി ശരിയായ ചികിത്സ നല്‍കേണ്ടതുണ്ട്. ചികിത്സ വൈകുന്നതിന് ജീവന്റെ വില നൽകേണ്ടിവരാം, ആദ്യം പരാമര്‍ശിച്ച വാർത്തകളിലേത് പോലെ. മാരകമായി പാമ്പ് കടിയേറ്റ ഒരാളെ സംബന്ധിച്ച്, കടിയേറ്റ് രക്തത്തിൽ കലര്‍ന്ന പാമ്പിൻവിഷം നിർവീര്യമാക്കാൻ അടിയന്തിരമായി നൽകുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവുള്ള, സഹായ മനസ്കതയുള്ള സുഹൃത്തോ ബന്ധുവോ നാട്ടുകാരനോ അടുത്തുണ്ടാവുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്. അതിനെ ആശ്രയിച്ചിരിക്കും അയാളുടെ അതിജീവനത്തിനുള്ള സാധ്യത പോലും…! അത്രമേൽ സന്ദിഗ്ധമായ മെഡിക്കൽ എമർജൻസിയാണ് പാമ്പുകടി. ഉടനടി ലഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെ രോഗിക്ക് പൂര്‍ണ സുഖം പ്രാപിക്കാൻ കഴിയും. നമ്മുടെ സംസ്ഥാനത്ത് അതിനുവേണ്ട ആശുപത്രികൾ, ഡോക്ടർമാർ, യാത്രാസൗകര്യങ്ങൾ, മറ്റ് സംവിധാനങ്ങൾ ഒക്കെ വേണ്ടുവോളമുണ്ട്. തെറ്റായ ചികിത്സയും, ഫലപ്രദമായ ചികിത്സ നല്‍കുന്നതിൽ വരുത്തുന്ന കാലതാമസവുമാണ് യഥാര്‍ത്ഥത്തിൽ മരണകാരണമാകുന്നത്.
പാമ്പ്കടിയേറ്റയാളെ ഒരു കാരണവശാലും അധൈര്യപ്പെടുത്തരുത്. അയാളെ ഓടിക്കുകയോ നടത്തുകയോ ആയാസകരമായ പ്രവൃത്തികൾ ചെയ്യിക്കുകയോ അരുത്. കടിപ്പാടിൽ മുറിവുണ്ടാക്കി രക്തമൊഴുക്കാൻ ശ്രമിച്ചാൽ ഞരമ്പ് മുറിഞ്ഞ് രക്തനഷ്ടമുണ്ടായി വലിയ സങ്കീര്‍ണതയുണ്ടാകും. കടിപ്പാടിൽ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണ്. മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നത് പോലും മസാജ് ഇഫക്ട് മൂലം വിഷം അതിവേഗം രക്തത്തിൽ കലരുന്നതിന് കാരണമാകാം. കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടുന്നത് ഒഴിവാക്കുക. പേശീചലനം പരമാവധി കുറയ്ക്കുന്നതിനായി ബാൻഡേജ് ചുറ്റുന്നതിൽ തെറ്റില്ല. ലഭ്യമായ വാഹനത്തിൽ എത്രയും വേഗം ആന്റിവെനം സ്റ്റോക്കും, അതു നൽകുന്ന ഡോക്ടറും (രണ്ടും രോഗിയുടെ കൂടെയുള്ളവർ വിളിച്ച് ഉറപ്പുവരുത്തുക, ഒരാശുപത്രിയിൽ നിന്ന് അടുത്തയിടത്തേക്കു പോകുന്ന സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണിത്) ഉള്ള ആശുപത്രിയിലെത്തിക്കുക. ഈ സൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് SARPA ൽ ലഭ്യമാണ്. കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല; അത് അപകടകരമാണ്, കൂടുതൽ പേർക്കു കടിയേൽക്കാനും പാമ്പിനെ തെരഞ്ഞു സമയം നഷ്ടപ്പെടാനും ഇടയാകും. മൂർഖൻ, ശംഖുവരയൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നീ നാലിനങ്ങളുടെ കടിക്കെതിരെ ഒരേ ഒരു മരുന്നുതന്നെയാണ് ഉപയോഗിക്കുക. ഓർക്കുക, മന്ത്രവാദമോ ഗുളികയോ പച്ചമരുന്നോ ഒറ്റമൂലിയോ ഒന്നും രക്തത്തിൽ കലര്‍ന്ന പാമ്പിൻവിഷത്തെ നിർവീര്യമാക്കാൻ ഉപകരിക്കില്ല.

