
പാലാ: ഉന്നത വിദ്യാഭ്യാസരംഗത്ത് കൗമാരക്കാരികളുടെ കലാലയമെന്ന അഭിമാനത്തിനൊപ്പം നഗരത്തിലെ എല്ലാവനിതകളുടേയും പഠനകേന്ദ്രമെന്ന വിശേഷണത്തിലേക്ക് പാലാ അൽഫോൻസാ കോളേജ്. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നഗരത്തിലെ എല്ലാവനിതകൾക്കുമായി കോളേജിന്റെ വാതിലുകൾ തുറന്നിടുക. വജ്രജൂബിലിയുടെ ഭാഗമായി ലക്ഷ്യമിടുന്ന അൽഫോൻസിയൻ കമ്യൂണിറ്റി കോളേജ് യാഥാർത്ഥ്യമാകുന്നതോടെ കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയും വെളിവാകുന്നു. കമ്യൂണിറ്റി കോളേജിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം നവംബർ ആറിന് 11മണിക്ക് പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, കമ്മ്യൂണിറ്റി കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ ടെസ്സി പള്ളിക്കാപറമ്പിൽ എന്നിവർ അറിയിച്ചു. കോളേജിന്റെ പ്രവർത്തനങ്ങൾ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഉദ്ഘാടനം ചെയ്തത്. പ്രവേശനം ആരംഭിക്കുന്നതോടെ കോളേജിന്റെ സൗകര്യങ്ങൾ സമൂഹത്തിലെ വനിതകൾക്കായി തുറന്നു നൽകും.
കോളേജ് മാനേജർ പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ, ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കോളേജിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കമ്യൂണിറ്റി കോളേജിലൂടെ
പ്രായപരിധിയില്ലാതെ ഏത് വനിതയ്ക്കും പ്രവേശനം സമ്മാനിക്കുന്ന വിവിധ പദ്ധതികളിലൂടെ വനിതകൾക്ക് ആരോഗ്യത്തിനും അറിവിനും അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിറ്റി കോളജിന്റെ ഭാഗമായി ഓപ്പൺജിം, ഫിറ്റ്നെസ് സെന്റർ, ഡയറ്റ് കൗൺസിലിംഗ് , ഫിസിയോതെറാപ്പി കൺസൾട്ടേഷൻ , IELTS, ജർമ്മൻ ഭാഷാ പരിശീലനം, ചെസ്, കരാട്ടേ, തയ്യൽ, ക്രോഷേ, ഹാൻഡ് എംബ്രോയ്‌ഡറി, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഗ്ലാസ് ആൻഡ് ഫാബ്രിക് പെയിന്റിംഗ്, പാചകം, ജൈവവളനിർമ്മാണം തുടങ്ങിയ സൗകര്യങ്ങൾ വനിതകൾക്ക് പ്രയോജനപ്പെടുത്താനാകും.
എല്ലാദിവസവും രാവിലെ ആറ് എട്ട് വരേയും വൈകുന്നേരം നാല് മുതൽ ആറുവരേയുമാണ് ജിം, ഫിറ്റ്നെസ് സെന്റർ സൗകര്യങ്ങൾ പൊതുജനങ്ങളായ വനിതകൾക്ക് ലഭിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 12.30 വരെ ഡയറ്റ് കൗൺസിലിങ്ങിന് സൗകര്യം നൽകും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 12.30 വരെ ഫിസിയോതെറാപ്പി കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ ആറ് വരെ ചെസ്സ്, കരാട്ടേ എന്നിവയ്ക്കും പരിശീലനം നൽകുന്നതാണ്. വനിതകൾക്ക് മിതമായ നിരക്കിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്നതാണ്. സ്പോർട്സ് അക്കാദമിയിലൂടെ കായികാഭിരുചിയെ തിരിച്ചറിയാനും വിവിധയിനങ്ങളിൽ പരിശീലനം നേടാനും വിദ്യാർഥി വിദ്യാർഥിനികൾക്ക് അവസരമുണ്ടായിരിക്കും.
ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് കോളജിലെ ലാബുകൾ സന്ദർശിക്കാൻ സൗകര്യമുണ്ടായിരിക്കും.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 60 വീടുകൾ നിർമ്മിച്ച് നൽകുന്ന സ്‌നേഹവീട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര മേഖലയിൽ സംസ്ഥാനത്തുതന്നെ ഒന്നാംനിരയിലുള്ള അൽഫോൻസാ കോളജ് സമ്മാനിക്കുന്ന കമ്യൂണിറ്റി കോളജ്, കാലാലയങ്ങൾ ഏറെ പ്രത്യേകതയോടെ വിലയിരുത്തുന്നുവെന്നത് ശ്രദ്ധേയമാണ്.
വിവരങ്ങൾക്കും പ്രവേശനത്തിനും ഫോൺ: 9446049331, 9497874279, 9656281441, 9447139004, 9496115787.

