
മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്തു കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. മണർകാട് മാലം ചേലകുന്നേൽ വീട്ടിൽ അജേഷ് സി.റ്റി (36) എന്നയാള്‍ക്കാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 20 വർഷം തടവും, ജീവപര്യന്തവും, കൂടാതെ തെളിവു നശിപ്പിച്ചതിന് മൂന്ന് വർഷം കൂടി തടവും,2,75,000 രൂപയോളം പിഴയും വിധിച്ചത്.( ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ 20 വർഷം തടവ് ശിക്ഷ ) 2019 ജനുവരി 17 നാണ് ഇയാള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി കട്ടിലിനടിയില്‍ സൂക്ഷിക്കുകയും തുടർന്ന് അടുത്തദിവസം വെളുപ്പിനെ ഇയാളുടെ താമസസ്ഥലത്തിനു സമീപം കുഴിച്ചുമൂടുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജിജു ടി. ആർ, ജി.ബിനു, അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന മധു. ആർ, അയർക്കുന്നം എസ്.ഐ ആയിരുന്ന അനൂപ് ജോസ് എന്നിവരായിരുന്നു വിവിധ സമയങ്ങളിലായി കേസ് അന്വേഷിച്ചത്.

