പാലാ :ദളിത് കത്തോലിക്കരുടെ അവകാശ ആനുകൂല്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ ദളിത് കത്തോലിക്കാ മഹാജനസഭ പ്രതിഷേധത്തിന്. സമര പോരാട്ടങ്ങളുടെ ഭാഗമായി നവംബര്‍ 1 ബുധനാഴ്ച പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പാലാ കുരിശുപള്ളി കവലയില്‍ ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ നടക്കുന്ന ഉപവാസ ധര്‍ണ്ണ പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉത്ഘാടനം ചെയ്യും.

മതേതരത്വം മുഖ മുദ്രയായി ഭരണം നടത്തുന്ന ഭാരതത്തില്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ദളിത് ക്രൈസ്തവരുടെ ജന്മാവകാശമായ പട്ടികജാതി സംവരണം നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിസിഎംഎസ് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നീ വകുപ്പുകളില്‍ ദേശത്തിന്റെയോ ഭാഷയുടെയോ ലിംഗത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ആര്‍ട്ടിക്കിള്‍ 25 ല്‍ ഇഷ്ടമുള്ള മതം പ്രചരിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും വിശ്വസിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കുന്നു.
ദളിത് ക്രൈസ്തവവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2004 മുതല്‍ സുപ്രീംകോടതിയില്‍ കേസ് നിലനിക്കുന്നുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി സുപ്രീംകോടതിയില്‍ നിലനിക്കുന്ന കേസ് ഓരോ പ്രാവശ്യവും വിചാരണക്ക് എടുക്കുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പാലാ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് , ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കേക്കൂറ്റ്, ഡി സി എം എസ് പാലാ രൂപത ജനറല്‍ കണ്‍വീനര്‍മാരായ ബിനോയ് ജോണ്‍, ജസ്റ്റിന്‍, ബേബി ആന്റണി, ബിജി സാലസ്, പാലാ രൂപത സെക്രട്ടറി ബിന്ദു ആന്റണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

