കോട്ടയം: കണ്ണീരൊഴുക്കുന്ന ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിന്റെ തിരുവനന്തപുരം മുതല്‍ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്രാ വാഹനമായ ലോഫ്ളോര്‍ ബസിന്റെ മാതൃക അദ്ദേഹത്തിന്റെ കല്ലറിയില്‍ സ്ഥാപിച്ചു.

ഇരുപതിനായിരത്തിലെറെ രൂപ മുടക്കി ഒന്നരയാഴ്ചയോളമെടുത്ത് തെങ്ങണയിലെ ബ്ളൂ ബേര്‍ഡ് ഗ്രാഫിക്സ് ഉടമ തോട്ടയ്ക്കാട് മാത്തൂര്‍ ജോണിക്കുട്ടി വറുഗീസിന്റെ നേതൃത്വത്തിലാണ് മിനിയേച്ചര്‍ നിര്‍മിച്ചത്. ഉമ്മൻചാണ്ടിയുടെ ജൻമദിനമായ ഒക്ടോബര്‍ 31വരെ മിനിയേച്ചര്‍ കല്ലറയിലുണ്ടാവും. ഉമ്മൻചാണ്ടിയുടെ ചിത്രങ്ങള്‍ ചാര്‍ത്തി പുഷ്പമാലകള്‍ കൊണ്ടലങ്കരിച്ച് കണ്ണീരോടെ ലോകം മുഴുവൻ കണ്ട ലോഫ്ളോര്‍ ബസ് അതേപോലെ പുനരാവിഷ്കരിച്ചിരിക്കുകയാണ്.
ഫോറെക്സ് ഷീറ്റ്, അക്രാലിക് അലൂമിനിയം കോംപാക്‌ട് പാനല്‍, തുണി, സ്റ്റിക്കര്‍, തുടങ്ങിയ വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. നാലടി നീളവും ആനുപാതികമായ പൊക്കവുമുണ്ട്. ബസിലെ പൂമാലകളും ഉമ്മൻചാണ്ടിയുടെ ചിത്രങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബസിനുള്ളില്‍ മൊബൈല്‍ മോര്‍ച്ചറിക്ക് സമീപം കൂപ്പുകൈകളോടെ ചാണ്ടിഉമ്മൻ നില്‍ക്കുന്നതും ആവിഷ്കരിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലംകാരനായ ജോണിക്കുട്ടി ഉമ്മൻചാണ്ടിയോടുള്ള അടുപ്പം മൂലമാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് കടന്നത്. ആശയം ജീവനക്കാരോടു പറഞ്ഞപ്പോള്‍ അവരും ഒപ്പം ചേര്‍ന്നു. ജീവനക്കാരായ സുബിൻ വറുഗീസ്, പവൻ മാത്യു, കിച്ചു വിഷ്ണു എന്നിവരുടെ കരവിരുതില്‍ ചരിത്രം പുനര്‍ജനിച്ചു. 31ന് ശേഷം മിനിയേച്ചര്‍ ചാണ്ടി ഉമ്മൻ വാടകയ്ക്ക് എടുത്ത പുതുപ്പള്ളി കവലയ്ക്ക് സമീപത്തെ വീട്ടിലേയ്ക്ക് മാറ്റുമെന്ന് ജോണിക്കുട്ടി പറഞ്ഞു.

