കൊല്ലം: അന്തരിച്ച ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ (71) സംസ്‌കാരം ഇന്ന്. കൊല്ലം കാഞ്ഞിരോട് സെന്റ് ആന്റണീസ് ഫെറോന പള്ളിയില്‍ വൈകിട്ട് മൂന്നിനാണ് സംസ്‌കാരം. ചൊവ്വാഴ്ച രാത്രിയായിരുന്നു ജോണി അന്തരിച്ചത്. നെഞ്ച് വേദനയെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ കൊല്ലം കടപ്പാക്കടയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിലും കുണ്ടറ ഫൈന്‍ ആര്‍ട്‌സ് കോളേജിലും പൊതുദര്‍ശനം നടത്തി. ശേഷം വൈകിട്ടോടെ ഭൗതികദേഹം കുടുംബ വീട്ടിലെത്തിച്ചു ഇന്ന് ഉച്ചയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൂന്ന് മണിയോടെ സംസ്‌കാരം. അമ്മ സംഘടനയ്ക്ക് വേണ്ടി നടന്‍ മുകേഷ് ഇന്നലെ പുഷ്പചക്രം സമര്‍പ്പിച്ച് ആദാരഞ്ജലി അർപ്പിച്ചു.
നടന്‍മാരായ ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ജോണിയെ അവസാനമായി കാണാന്‍ എത്തി. വിവിധ രാഷട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നും നിരവധി പേർ അന്തിമോപചാരം അര്‍പിക്കാനെത്തി. നാല് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു ജോണി. ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ ജോണി, കോമഡി വേഷങ്ങളിലും ശ്രദ്ധേയമായിരുന്നു.

