Tech

കാൻസർ എന്ന രോഗത്തിനു മുന്നിൽപ്പോലും പകച്ചു നിൽക്കാതെ അതിജീവനത്തെ തിരക്കഥയാക്കി പാലാക്കാരി പ്രിയാ ഷൈൻ

കൊച്ചി :ഏതു പുരുഷന്‍റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നു പറയാറുണ്ട്. എന്നാൽ, പ്രിയ ഷൈന്‍റെ കാര്യത്തിൽ, സ്ത്രീയുടെ വിജയത്തിനു പിന്നിലൊരു പുരുഷനെ കാണാം. ഭർത്താവിന്‍റെ പിന്തുണയോടെ സമകാലീന സാഹിത്യ – ചലച്ചിത്ര മേഖലകളിൽ കരുത്ത് തെളിയിച്ച വ്യക്തിയാണ് പ്രിയ. എഴുത്തിനോടുള്ള പ്രണയവും അഭിനയത്തോടുള്ള അഭിനിവേശവും, പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഷയങ്ങളിലേക്കുള്ള ഇടപെടലുകളും അവരിലെ കലാകാരിയെ ഉണർത്തി. കാൻസർ എന്ന രോഗത്തിനു മുന്നിൽപ്പോലും പകച്ചു നിൽക്കാതെ അതിജീവനത്തെ തിരക്കഥയാക്കി സമൂഹത്തിനു മുന്നിൽ മാത്യകയായി നിലകൊള്ളാനായി എന്നതു തന്നെയാണ് പ്രിയ ഷൈനെ ശ്രദ്ധേയയാക്കുന്നത്.

”കല നൈസർഗികമാണ്. രക്തത്തിൽ കലയുള്ളവർക്ക് ഏത് തീവ്രമായ പ്രതിസന്ധികളുമായും പൊരുതി തന്‍റെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനാകും”, അനുഭവത്തിലൂടെ പ്രവർത്തിച്ചു കാണിച്ചതുകൊണ്ടാവാം പ്രിയയുടെ വാക്കുകൾക്ക് ഇത്രയും തീക്ഷ്ണത. ചലഞ്ചിങ് കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോഴാണ് കഥാപാത്ര സന്നിവേശത്തിൽ പൂർണത കൈവരിക്കുന്നതെന്ന അഭിപ്രായക്കാരി കൂടിയാണ് പ്രിയ.

അഭിനയത്തിലും സംവിധാനത്തിലും യാതൊരു മുൻപരിചയുമില്ലാതിരുന്നിട്ടും നിരവധി ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്‍ററികൾക്കും അവർ മിഴിവേകി. നവാഗതരായ 270 ഓളം കാലാകാരൻമാരെ അഭിനയരംഗത്തേക്ക് കൊണ്ടുവരുകയും അവർക്കൊരു പ്രൊഫൈൽ അഭിനയത്തിൽ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ പ്രൊഫൈൽ പലർക്കും സിനിമയിലേക്കുള്ള വഴി തുറന്നു. മാത്രമല്ല, അഭിനയമോഹവുമായി തന്നെ തേടിയെത്തുന്ന ഒരു വ്യക്തിയേ പോലും നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കാറില്ലയെന്നതും ഈ കലാകാരിയുടെ പ്രത്യേകതയാണ്.

ഓട്ടിസം ബാധിച്ചവരെയും, വൈരൂപ്യമുണ്ടെന്ന് സമൂഹം ആരോപിക്കുന്നവരെയും, അംഗവൈകല്യം ബാധിച്ചവരെയുമെല്ലാം മുഖ്യ കഥാപാത്രങ്ങളാക്കിയ ഹ്രസ്വചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. മിഴിവിളക്ക്, ഹൃദയരാഗം, നിരാലംബർ, അവസ്ഥാന്തരങ്ങൾ തുടങ്ങി അനവധി കവിതകളും ആഗ്നേയ, പരിണാമം, വാർദ്ധക്യം തുടങ്ങിയ ഹ്രസ്വചിത്രങ്ങളും നിരവധി ഗാനങ്ങളും പുറത്തിറക്കിയെങ്കിലും പ്രിയ ജനശ്രദ്ധ നേടിയത് നെഗറ്റീവ് പാട്ടിലൂടെയാണ്. സമൂഹത്തിൽ ശക്തമായ പൊഴിച്ചെഴുത്ത് ആഗ്രഹിക്കുന്ന പ്രിയ ബോധവത്കരണമെന്നോണം എഴുതിയ പാട്ടാണ് മൈര്. നിരവധി വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായെങ്കിലും ചിലരിലെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിച്ചതിൽ അതിയായ സന്തോഷം അവർ പങ്കുവെയ്ക്കുന്നു. ഇതിനു പുറമേ രണ്ട് പെൺകുട്ടികൾ, വഹ്നി എന്നീ സിനിമകളും ചെയ്തിട്ടുണ്ട്.


കാൻസറിനോട് പൊരുതുന്ന രോഗികൾക്ക് പ്രചോദമെന്നോണം തായറാക്കിയ ‘കാൻസർ’ എന്ന ഡോക്യുമെന്‍ററി സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രിയ ഇപ്പോൾ. ഒപ്പം പൊട്ടൻ എന്ന ഷോർട് ഫിലിമിനും വേദിയൊരുക്കുകയാണ്. മികച്ച സംവിധായികയ്ക്കുള്ള ഇരുപതോളം അവാർഡുകൾ, ആറ് ബെസ്റ്റ് ആക്‌റ്റർ അവാർഡുകൾ, പത്തോളം ബഹുമുഖപ്രതിഭാ അവാർഡുകൾ എന്നിങ്ങനെ ഏകദേശം 86 അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. മുഖം പൊള്ളിയവരെയും, സമൂഹത്തിൽ നിന്നു തമസ്കരിക്കപ്പെട്ടവരെയും “അഘൂരഥ” എന്ന സ്വന്തം കമ്പനിയിലൂടെ മോഡലുകളാക്കി, സമൂഹത്തിൽ തന്‍റെ കൈയൊപ്പ് ചാർത്താനും പ്രിയയ്ക്കു സാധിച്ചു.

സ്വദേശം വിസ്മരിച്ച തന്‍റെ കഴിവുകൾ സമൂഹം തിരിച്ചറിഞ്ഞത് കൊച്ചിയിലെത്തിയ ശേഷമാണ്. അവഗണനങ്ങളും പുച്ഛങ്ങളും ആവോളം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും പരിഹാസങ്ങൾക്കും മുമ്പിൽ തളരാതെ പിടിച്ചുനിൽക്കുവാൻ ഈ കലാകാരിക്ക് പ്രചോദനമായത് തന്റെ കഴിവുകളിൽ ഉള്ള വിശ്വാസമാണ്. ഇന്ന് സ്വദേശത്തിന് അഭിമാനമായി തള്ളിപ്പറഞ്ഞവർ തന്നെ ആദരപൂർവ്വം സ്വീകരിക്കുന്നതിന്റെ ധന്യതയിലാണ് പ്രിയാ ഷൈൻ.”നാം നമ്മുടെ നിലപാടുകളിൽ അതിശക്തമായി ഉറച്ചു നിന്നു കൊണ്ട് മറ്റുള്ളവർ പറയുന്നത് കേട്ട് തളരാതെ നമ്മിൽ സ്വയം വിശ്വസിച്ച് മുൻപോട്ട് പോകുക. ആ വിശ്വാസമാണ് നമ്മുടെ വിജയത്തിന്‍റെ അടിത്തറ”, പ്രിയ പറഞ്ഞു.ഒരിക്കൽ പാലാ തന്നെ അഭിനന്ദിക്കും ജനിച്ച നാടിന്റെ ആദരവ് മനസ്സിൽ സൂക്ഷിക്കുന്ന പ്രിയാ ഷൈൻ ഗൃഹാതുരത്വത്തോടെ പറഞ്ഞു നിർത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top