കോട്ടയം : കൊണ്ടും കൊടുത്തും പാലായിലെ രാഷ്ട്രീയം കൊഴുക്കുകയാണ്.വല്ലഭനു പുല്ലും ആയുധം എന്ന തരത്തിലാണ് പാലായിലെ പ്രാദേശിക രാഷ്ട്രീയം മുന്നേറുന്നത്.ഏറ്റവും അവസാനമായി കോൺഗ്രസിലെ ഒരു വിഭാഗം കൊണ്ട് വന്നത് പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് അംഗങ്ങൾ ബോട്ടിൽ ടൂർ പോയപ്പോൾ ബോട്ടിൽ വച്ച് പകിട കളിച്ചു എന്നായിരുന്നു.

അതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.എതിരാളികൾക്ക് സ്വാധീനമുള്ള മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു .പക്ഷെ ഈ ദൃശ്യങ്ങൾ ചോർത്തിയത് കൂട്ടത്തിലുള്ള ഒരു വനിതാ മെമ്പർ തന്നെയെന്നാണ് പൊതുജന സംസാരം.ഭരണ പക്ഷത്തിനിട്ട് ഒരു തല്ലു കൊടുക്കാൻ നോക്കിയിരുന്ന ഭരണ പക്ഷത്തെ തന്നെ കറുപ്പയ്യ മൂപ്പനാരും അവസരം ശരിക്കും വിനിയോഗിച്ചു .
അതുകൊണ്ടു തന്നെ ഒരു മറുപടി കൊടുക്കണമല്ലോ മാണി ഗ്രൂപ്പും തല പുകഞ്ഞു ആലോചിച്ചു.അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് എന്ന പോലെ മാണി സി കാപ്പന്റെ ഒരു ബന്ധുവിന്റെ വാടക വീട്ടിൽ നിന്നും ചീട്ടുകളി പോലീസ് പിടി കൂടിയത്.പാലായിലെ അറിയപ്പെടുന്ന മീറ്റർ പലിശക്കാരൻ കൂടിയാണ് കാപ്പന്റെ ബന്ധു എന്നറിഞ്ഞപ്പോൾ ആരോപണക്കാർക്കു വാശി കൂടി.ദിവസം രണ്ടായിരം രൂപായ്ക്ക് വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് വീട്ടുടമയ്ക്ക് അറിയാമല്ലോ എന്നാണ് മാണിഗ്രൂപ്പ് കാരുടെ ഭാഷ്യം .
കോൺഗ്രസിലെ ഒരു വിഭാഗം പകിട വിവാദം കുത്തിപൊക്കിയ പോലെ തന്നെ മാണി ഗ്രൂപ്പുകാരും അവരുടെ നിയന്ത്രണത്തിൽ ഉള്ള മാധ്യമങ്ങളെ കൊണ്ട് വാർത്ത ചെയ്യിപ്പിച്ചു.വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഏതൊക്കെ മാധ്യമങ്ങളാണ് തങ്ങളുടെ ചേരിയിൽ ഉള്ളതെന്ന് നോക്കുവാനുള്ള ഉര കല്ല് കൂടിയാണ് പകിട ;ബ്ളേഡ് വിവാദം . പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ കാര്യ വാഹക്;പരിശുദ്ധ ദൈവ മാതാവിന്റെ അമലോത്ഭവ ജൂബിലി തിരുന്നാൾ ആഘോഷ കമ്മിറ്റി കാര്യ വാഹക് ആണെന്നൊക്കെ ചേർത്ത് കുത്ത് കൊടുക്കാനും മറന്നില്ല.നാക്കിനു നല്ല നീളമുള്ള.വിവാദങ്ങളുടെ കളിത്തോഴനായ ഈ ബന്ധുവിനെ കൊണ്ട് മാണി സി കാപ്പൻ പൊറുതി മുട്ടിയിരിക്കുകയാണിപ്പോൾ.എന്നാൽ കാപ്പന്റെ സഹോദരനാണ് ബ്ളേഡ് കാപ്പൻ എന്നൊക്കെ പ്രചാരണമെങ്കിലും ബന്ധു മാത്രമാണ് എന്നതാണ് സത്യം .
അടുത്ത് നടക്കാനിരിക്കുന്ന പാലാ നഗരസഭാ യോഗത്തിലും ഈ പ്രശ്നങ്ങൾ ഉയർന്നു വരുമെന്നാണ് സൂചനകൾ .എന്നാൽ മാണി ഗ്രൂപ്പുകാർ വളരെ സന്തോഷത്തിലാണ് കാന്താരി ഇങ്ങോട്ട് കിട്ടിയപ്പോൾ കരണം പൊട്ടി മുളക് അങ്ങോട്ട് കൊടുത്ത സന്തോഷത്തിലാണ് അവർ.പകിടയ്ക്കു ബദൽ ബ്ളേഡ്.ചൊള്ള് കൊടുത്ത് ചുള മേടിച്ചുവെന്നാണ് മാണിഗ്രൂപ്പുകാർ പറയുന്നതെങ്കിലും.കറുപ്പയ്യ മൂപ്പനാരുടെ പക്ഷത്തുള്ള ചെയർപേഴ്‌സനെ തങ്ങളുടെ ചേരിയിൽ കിട്ടിയതിന്റെ സന്തോഷത്തിലാണവർ.അതായത് കൂട്ടാൻ ചട്ടിയിൽ നിന്നുള്ള മീൻ പിടുത്തമാണ് ഇപ്പോൾ പാലായിൽ നടന്നു കൊണ്ടിരിക്കുന്നത് .

