Sports

അഡ്രിയാൻ ലൂണയുടെ ഒരു ഗോളിന് മഞ്ഞപ്പട ജംഷഡ്‌പൂരിനെ തോൽപ്പിച്ച്‌ ഗ്രൂപ്പിൽ ഒന്നാമത്

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കരുത്ത് കാട്ടിയത്. കൊമ്പന്മാര്‍ക്കായി നായകൻ അഡ്രിയാൻ ലൂണ 74-ാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കി. ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ നായകൻ അഡ്രിയാൻ ലൂണയുടെ മികവാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. പകരക്കാരനായി 62-ാം മിനിറ്റില്‍ എത്തിയ ദിമിത്രിയോസ് ഗോളിനുള്ള വഴി ഒരുക്കി നൽകി.

വണ്‍ ടച്ച് ഫുട്ബോളിന്‍റെയും താരങ്ങളുടെ പരസ്പരം ധാരണയുടെയും ഉത്തമ ഉദാഹരണമായിരുന്നു ഈ ഗോള്‍. ലൂണയുടെ ബോക്സിന് നടുവില്‍ നിന്നുള്ള ഷോട്ട് ഇടത് മൂലയിലെ വലയെ ചുംബിച്ചപ്പോള്‍ ഗാലറിയിലെ മഞ്ഞപ്പട ഇരമ്പിയാര്‍ത്തു. ബംഗളൂരു എഫ്സിയെ തോല്‍പ്പിച്ച ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്ക് മാറി തിരികെയെത്തിയ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് പകരക്കാരനായി ഇടംപിടിച്ചു. ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ ഡയസൂക് സക്കായിയും ജീക്‌സണും ഡാനിഷും മുഹമ്മദ്ദ് എയ്മാനും മധ്യനിരയില്‍ അണിനിരന്നു.

പ്രതിരോധത്തില്‍ ഡ്രിന്‍സിച്ചിനൊപ്പം പ്രതീബും പ്രീതവും ഐബാന്‍ ഡോലിങ്ങും ഇറങ്ങി. കഴിഞ്ഞ കളിയില്‍ മികവ് പുലര്‍ത്തിയ സച്ചിന്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോവല കാത്തു. മറുവശത്ത് ഡാനിയല്‍ ചീമയെ ഏക സ്‌ട്രൈക്കറായി നിലനിര്‍ത്തി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്.

ഗോള്‍കീപ്പറായി പരിചയസമ്പന്നനായ മലയാളിതാരം ടി പി രഹ്‌നേഷും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്‌സ് അക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിട്ടില്‍ തന്നെ രണ്ട് തവണ ജംഷഡ്പൂര്‍ ബോക്‌സിലേയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ആക്രമണം നടത്തി. തൊട്ടുപിന്നാലെ കോര്‍ണര്‍ സ്വന്തമാക്കി ജംഷഡ്പൂരും ആക്രമണമാണ് ലക്ഷ്യമെന്ന് മുന്നറിയിപ്പ് നല്‍കി. ബോക്‌സു ടു ബോക്‌സ് ശൈലിയിലാണ് കളി പുരോഗമിച്ചത്.

ഒമ്പതാം മിനിട്ടില്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ജംഷഡ്പൂര്‍ ബോക്‌സിലേയ്ക്ക് ഉന്നംവച്ചത്. നേരിയ മാര്‍ജിനില്‍ ഷോട്ട് പുറത്തേയ്ക്ക്. ഇതിനിടയില്‍ മധ്യനിരതാരം ഇമ്രാന്‍ ഖാന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ജംഷഡ്പൂരിന് തിരിച്ചടിയായി.

അവസരം കിട്ടുമ്പോള്‍ ബ്ലാസ്റ്റേഴസ് ഗോള്‍ മുഖത്തേയ്ക്ക് കടന്നുള്ള നീക്കങ്ങള്‍ക്ക് ജംഷഡ്പൂരും മടിച്ചില്ല. പ്രതിരോധനിരയില്‍ മതില്‍പോലെ നിലയുറപ്പിച്ച ഡ്രിന്‍സിച്ചാണ് സന്ദര്‍ശകരുടെ നീക്കങ്ങള്‍ക്ക് തടയിട്ട് നിന്നത്. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ നിലയുറപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വീണ്ടും വിജയം സ്വന്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top