പൂഞ്ഞാർ :ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ലോഗോ പ്രകാശനം നടനും തിരക്കഥാകൃത്തുമായ പ്രശാന്ത് മുരളി നിർവ്വഹിച്ചു. ഗ്രാമീണ ടൂറിസത്തിൽ ഭൂമികയുടെ മര്യാദകളുടെ ടൂറിസം വിലമതിക്കപ്പെടുന്ന ഒരു മാതൃകയായി മാറിയിട്ടുണ്ടെന്ന് പ്രശാന്ത് മുരളി പറഞ്ഞു.

ജനങ്ങൾ സ്വന്തമായി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഭൂമിക തുടക്കം കുറിക്കുന്നത്. ഔദ്യോഗിക പിന്തുണകൾ കൂടി ചേരുമ്പോൾ ഇത് ടൂറിസം മേഖലയ്ക്കുതന്നെ മാതൃകയാവുമെന്നും അദ്ദേഹം പറഞ്ഞു. കുന്നോന്നി റിവർ വാലിയിലും ഈസ്റ്റ് ലാന്റ് ഫാമിലുമായി സംഘടിപ്പിച്ച പരിപാടിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു.
കുട്ടവഞ്ചിയിൽ കയറിയും ലോഗോ സെൽഫി ബൂത്തിൽ ഫോട്ടോകൾ എടുത്തും പ്രദേശത്തിന്റെ ദൃശ്യഭംഗി പകർത്തിയും നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. കുന്നോന്നി വാർഡ് മെമ്പർ ബീനാ മധുമോഹൻ, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ, ഭൂമിക പ്രസിഡന്റ് കെ.ഇ. ക്ലമന്റ്, എബി ഇമ്മാനുവൽ, അരുൺ ജാൻസ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിജയന്തി ദിനം വരെ കുട്ടവഞ്ചിയും പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവ് സെൽഫി ബൂത്തും പ്രദേശത്ത് നിലനിർത്തുമെന്ന് സംഘാടകർ പറഞ്ഞു.

