മലപ്പുറം :മുന്നിയൂർ :ലോൺ ആപ് വഴി വായ്പ എടുത്തു ചതിയിൽപെട്ടു കുടുംബസമേതം ആത്മഹത്യ വരെ നടക്കുമ്പോൾ അതിനെ സധൈര്യം നേരിട്ടു രക്ഷപ്പെട്ട കഥയാണ് മൂന്നിയൂരിലെ ഫവാസിനു പറയാനുള്ളത്. ലാമെല്ലർ ഇക്തിയോസിസ് എന്ന ചർമരോഗമാണ് ഫവാസിനു രക്ഷയായത്. സംഭവത്തെക്കുറിച്ച് ഫവാസ് പറയുന്നതിങ്ങനെ. ഒരു ധനകാര്യ സ്ഥാപനത്തിലെ തിരിച്ചടവിനായി 2500 രൂപ അത്യാവശ്യമുണ്ടായിരുന്നു. പിറ്റേന്നുതന്നെ തിരിച്ചടയ്ക്കാമെന്ന ഉറപ്പോടെ ലോൺ ആപ് വഴി 2500 രൂപ വായ്പയെടുത്തു. പിറ്റേ ദിവസം അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതികപ്പിഴവു കാരണം സാധിച്ചില്ല. പിറ്റേന്നു മുതൽ ദിവസവും 500 രൂപ വീതം തുക കൂടിക്കൊണ്ടിരുന്നു. 3000 രൂപ അടച്ചെങ്കിലും അടച്ചില്ലെന്നായി കമ്പനി.

പണം അയച്ചെന്ന് അറിയിച്ചെങ്കിലും കിട്ടിയില്ലെന്നു പറഞ്ഞ് അവർ വിവിധ നമ്പറുകളിൽനിന്ന് മെസേജുകൾ അയച്ചുകൊണ്ടിരുന്നു. പിന്നീട് മോർഫ് ചെയ്ത ഫോട്ടോ അയയ്ക്കുമെന്നായി. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി ചെയ്യാൻ ഒന്നുമില്ലെന്നായി പൊലീസ്. പിന്നീട്, മോർഫ് ചെയ്ത ഫോട്ടോകൾ സുഹൃത്തുക്കൾക്കും കിട്ടി. മറ്റു വ്യക്തികളുടെ നഗ്നശരീരത്തിൽ ഫവാസിന്റെ ഫോട്ടോ ചേർത്തുകൊണ്ടുള്ള ഫോട്ടോ ആണ് അയച്ചത്. ഇത് പൊലീസിനു കാണിച്ചുകൊടുത്തപ്പോൾ, നിന്റെ ശരീരവും അയച്ച ശരീരവും തമ്മിൽ വ്യത്യാസമുണ്ടെന്നും ആളുകൾക്ക് അതു മനസ്സിലാകുമെന്നും പൊലീസ് ഇൻസ്പെക്ടർ ഫവാസിന് ആത്മവിശ്വാസം നൽകി.പിന്നീട് കമ്പനിയുടെ പ്രതിനിധി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോൾ ഫോട്ടോ അയച്ചുകൊള്ളാൻ പറഞ്ഞു.
2 ഫോട്ടോ ഫവാസ് തന്നെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് കമ്പനിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. താൻ ഇത്തരം അസുഖമുള്ള വ്യക്തിയാണെന്നും നിങ്ങൾ അയച്ചുകൊടുത്ത ഫോട്ടോ കണ്ട് ജനങ്ങൾ വിശ്വസിക്കില്ലെന്നും പറഞ്ഞതോടെ വായ്പാ ആപ് സംഘം പിൻവാങ്ങി. പിന്നീട് ഇതുവരെ മെസേജ് വന്നിട്ടില്ലെന്ന് ഫവാസ് പറഞ്ഞു. 3 മാസ കാലാവധി ഉണ്ടെന്നാണ് ആപ് സംഘം പറഞ്ഞിരുന്നത്. എന്നാൽ വായ്പ എടുത്ത തൊട്ടടുത്ത ദിവസം തന്നെ സന്ദേശങ്ങളും കോളുകളും വന്നു. വായ്പ എടുക്കുമ്പോൾ നൽകുന്ന സെൽഫി ആണ് ഇവർ ഉപയോഗിക്കുന്നത്. തന്റെ ഫോണിന്റെ ഗാലറിയിൽ ഒട്ടേറെ ഫോട്ടോകൾ ഉണ്ടായിരുന്നെങ്കിലും അത് അവർക്കു ലഭ്യമായിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. തന്റെ രോഗത്തിനു പുറമേ, ശരീരപ്രകൃതവും ഒപ്പം തന്റെ മനഃസാന്നിധ്യവുമാണ് രക്ഷയായതെന്ന് ഫവാസ് പറഞ്ഞു. മൂന്നിയൂർ ആലിൻചുവട്ടിൽ വ്യാപാരം നടത്തുന്ന ചോനാരി ഫവാസ് (30) വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്. ശരീര

