രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, 49.4 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്തായി. തോറ്റെങ്കിലും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.
രോഹിതും കോലിയും അർധസെഞ്ചറി നേടിയെങ്കിലും വിജയം നേടാനായില്ല. 57 പന്തിൽ അഞ്ച് ഫോറും ആറു സിക്സും സഹിതം തകർത്തടിച്ച രോഹിത് 81 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി.
കോലി 61 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തും പുറത്തായി. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ഇവരുടേത് ഉൾപ്പെടെ നാലു മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഗ്ലെൻ മാക്സ്‍വെലാണ് ഇന്ത്യയെ തകർത്തത്.

