കൊച്ചി: ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസ് കാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര മനക്കുളങ്ങര വീട്ടിൽ ഹസൈനാരുടെ മകൻ ഷാഹി (48)നാണ് മർദ്ദനത്തിൽ പരുക്കേറ്റത്.

KL41M 555 എന്ന നമ്പറിലുള്ള വെള്ള ബെൻസുകാറിൽ വന്നയാളാണ് ഷാഹിയെ ക്രൂരമായി മർദ്ദിച്ചത്. കഴുത്തിന് മർദ്ദനമേറ്റ ഷാഹിയെ ശ്വാസ തടസ്സത്തെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ പരാതി കൊടുത്താൽ ആശുപത്രി പൂട്ടിക്കും എന്ന ഭീഷണിയും മുഴക്കിയാണ് അക്രമി പോയത്. ഇതിന്റെ തെളിവ് സഹിതം ആലുവ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

