മലപ്പുറം: പോത്തുകല്ലുമേലേ ചെമ്പന്‍കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ചെമ്പങ്കൊല്ലി പാലക്കാട്ട് തോട്ടത്തില്‍ ജോസാ(63)ണ് മരിച്ചത്. ജോസിന്റെ കാലിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കരിയംമുരിയം വനമേഖലയില്‍ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. പശുവിനെ തീറ്റിക്കാന്‍ വനമേഖലയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കുട്ടിയാനയ്‌ക്കൊപ്പമെത്തിയ പിടിയാനയാണ് ജോസിനെ ആക്രമിച്ചത്. ജോസിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആദ്യം ഉപ്പട സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

