Kerala

വനിതാസംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനം കാപട്യം : ജോസ് കെ.മാണി

 

കോട്ടയം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാസംവരണ ബില്‍ നടപ്പാക്കാന്‍  മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവും, അടുത്ത സെന്‍സസ് വരെ കാത്തിരിക്കണമെന്ന ബില്ലിലെ നിബന്ധന കേന്ദ്രസര്‍ക്കാരിന്റെ കാപട്യത്തിന് തെളിവാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അധികരിച്ച് വനിതകള്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ നിജപ്പെടുത്താമെന്നും  അതിന്റെ അടിസ്ഥാനത്തില്‍ 2024 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വനിതാസംവരണം നാടപ്പാക്കാവുന്നതേയുള്ളൂ.

രാജ്യത്തെ ബാധിക്കുന്ന അമിതവിലക്കയറ്റം, തൊഴിലില്ലായ്മ, രൂക്ഷമായ കാര്‍ഷികപ്രതിസന്ധി തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം മാത്രമാണ് ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന് ഉപയോഗിക്കണമെന്ന ആവര്‍ത്തിച്ചുള്ള പ്രചാരണത്തിന് പിന്നുലുള്ളത്.

കടലവകാശനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശജില്ലകളിലുടനീളം തീരസദസ്സുകള്‍ സംഘടിപ്പിക്കും. അതിന്‌ശേഷം കടലവകാശപ്രഖ്യാപന മഹാസമ്മേളനം നടത്തും. 1972 ലെ വന്യജീവിസംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നും അശാസ്ത്രീയമായി വനപരിധി നിര്‍ണ്ണയിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പുനര്‍നിര്‍ണ്ണയം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികളും ജനകീയ കണ്‍വന്‍ഷനുകളും നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 2023 സെപ്റ്റംബര്‍ 29 ന് മുണ്ടക്കയത്ത് നടത്തും.

63 വര്‍ഷമായി മലയോരജനങ്ങള്‍ അനുഭവിക്കുന്ന പട്ടയപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്നതും, പാര്‍ട്ടി എല്‍ഡിഎഫിന് മുമ്പാകെ ഉയര്‍ത്തിയ സുപ്രധാന ആവശ്യവുമായ ഭൂപതിവ്‌നിയമഭേദഗതി സാധ്യമാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി  മുഖ്യമന്ത്രിയുടെ മുമ്പാകെ ഏറ്റവും ആദ്യം സമര്‍പ്പിച്ച നിവേദനങ്ങള്‍ ഒന്നായിരുന്നു ഭൂവിനിയോഗ നിയമത്തില്‍ ഭേദഗതി ഉണ്ടാകണം എന്നത്. ഇക്കാര്യത്തില്‍ ഇച്ഛാശക്തിയോടെ നടപടി സ്വീകരിച്ച് 1960 ലെ നിയമത്തിന്റെ കീഴില്‍ പട്ടയം ലഭിച്ചവര്‍ക്ക് നിയന്ത്രണങ്ങള്‍ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തില്‍ ഭേദഗതി സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി  പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ രാജന്‍,  ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ ഉയര്‍ത്തിയ ആവശ്യം നടപ്പിലാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരെ  ഉന്നതാധികാരസമിതി യോഗം അഭിനന്ദിച്ചു. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ്തല ഘടകളെ ശക്തമാക്കാനും യോഗം തീരുമാനിച്ചു

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍,  തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top