
കാഞ്ഞിരപ്പളളി – പാറത്തോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധനാവേളയിൽ യൂ ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിലൂടെ എൽ ഡി എഫ് ന്റെ കുതന്ത്രങ്ങൾ പുറത്ത് വന്നതായി യൂഡിഎഫ് ആരോപിച്ചു. 1974-ലെ കാലഹരണപ്പെട്ട ബൈലോ പ്രകാരം മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കാൻ ഡപ്യൂട്ടി രജിസ്ട്രരുടെ അനുമതി വേണമെന്ന ചട്ടം കാണിച്ചാണ് മുൻ പ്രസിഡന്റും, ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുമായ ജലാൽ പൂതക്കുഴിയുടെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്.
പത്രിക സമർപ്പിച്ചവരിൽ ബാങ്കിന്റെ മുൻ എൽ ഡി എഫ് ഭാരവാഹികളായ കെ.ജെ.തോമസ് കട്ടയ്ക്കൽ, എൻ ജെ കുര്യാക്കോസ് എന്നിവരുടെ പത്രികകൾ ഇതേ കാരണത്താൽ തള്ളിയിരുന്നു. എന്നാൽ എൽ ഡി എഫ് അവതരിപ്പിച്ച പാനലിൽ ഇവരുടെ പേരുകൾ ഇല്ലെന്നും , ഡമ്മി സ്ഥാനാർത്ഥികൾ മാത്രം ആയിരുന്നുവെന്നും യൂഡിഎഫ് ആരോപിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടാൽ ലാഭത്തിൽ ആയിരുന്ന ബാങ്കിനെ കിട്ടാക്കടത്തിലേക്ക് തളളിവിട്ട പഴയ ഭരണസമിതിയുടെയും ചില ബാങ്ക് ജീവനക്കാരുടെയും കള്ളക്കളികൾ പുറത്തു വരുമെന്ന ഭയമാണ് ഈ നടപടിയിലേക്ക് തള്ളിവിട്ടത്.
ഇതു പോലുള്ള രാഷ്ട്രീയ പകപോക്കൽ കാണിച്ച് യൂഡിഎഫിനെ യോ സഹകാരികളെയോ ഭീഷണിപ്പെടുത്താം എന്ന വ്യാമോഹം നടപ്പില്ലെന്നും നേതാക്കൾ പറഞ്ഞു.
ജലാൽ പൂതക്കുഴിയുടെ പത്രിക തള്ളിയ നടപടിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും, നിയമ വിരുദ്ധ നടപടികൾക്കെതിരെ സഹകാരികളെ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ യൂഡിഎഫ് ചെയർമാൻ റ്റി എം ഹനീഫ, കൺവീനർ സിബി നമ്പുടാകം, ട്രഷർ പി എം സെയിനില്ലാവുദ്ദീൻ, ജലാൽ പൂതക്കുഴി, വസന്ത് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.

