കോട്ടയം :രാമപുരം വിദ്യാഭ്യാസ ഉപജില്ല അധ്യാപകദിനാഘോഷം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന സമയത്ത് റഷ്യൻ അംബാസിഡറായി നിയമിതയായ അദ്ദേഹത്തിൻറെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് റഷ്യൻ ഭരണാധികാരി ആയ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മൂന്നുമാസം ആയിട്ടും അനുമതി ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് ജവഹർലാൽ നെഹ്റുവിനോട് അവർ പരാതിപ്പെടുകയും അതിന്റെ ഫലമായി വിജയലക്ഷ്മി പണ്ഡിറ്റിനെ അമേരിക്കൻ സ്ഥാനപതിയായി അയക്കുകയും ചെയ്തു.

പകരം ഡോക്ടർ എസ് രാധാകൃഷ്ണനെ റഷ്യൻ സ്ഥാനപതിയായി നിയമിച്ചു. അദ്ദേഹം റഷ്യയിൽ ചെന്ന് സ്ഥാനമേറ്റ നാലാമത്തെ ദിവസം തന്നെ സ്റ്റാലിൻ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു. ഈ സംഭവം ഡോക്ടർ എസ് രാധാകൃഷ്ണൻ എന്ന അധ്യാപകന്റെ വ്യക്തിത്വ മഹത്വമായി വാഴ്ത്തപ്പെടുന്നുവെന്നും അത്തരം നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിൻറെ ജന്മദിനം തന്നെ അധ്യാപക ദിനമായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമായി എന്നുംttinu ഡോക്ടർ സിറിയക് തോമസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.വിവിധ കാലഘട്ടങ്ങളിലെ വിവിധ തലമുറകളിലെ അധ്യാപക വിദ്യാർത്ഥി സവിശേഷതകളും ബന്ധങ്ങളും വളരെ സരസമായി അദ്ദേഹം അവതരിപ്പിച്ചത് സദസ്സിൽ ചിരി പടർത്തി.
അധ്യക്ഷത വഹിച്ച രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മേരിക്കുട്ടി ജോസഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ എ ഇ ഒ മാരായ പി രവി ,രമാദേവി എൻ ,ജോസഫ് കെ കെ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാമപുരം എസ് എസ് കെ , ബി പി സി രതീഷ് ജെ ബാബു, ബിനോയി സെബാസ്റ്റ്യൻ, ഫോറം ജോയിന്റ് സെക്രട്ടറി മിനി മോൾ എൻ ആർ എന്നിവർ ആശംസ നേർന്നു. അകാലത്തിൽ അന്തരിച്ച അരീക്കര ശ്രീനാരായണ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനു കെ എസ് അനുസ്മരണവും നടന്നു.ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് എൻ വൈ സ്വാഗതം ആശംസിച്ചു.ബെന്നി സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ചു.

