കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തനെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. എല്ലാ കുറ്റത്തിൽ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി.ദൈവത്തിനു സ്തുതി എന്നാണ് കോടതി വിധിക്കു ശേഷം ഫ്രാങ്കോ മാധ്യമങ്ങളോട് പറഞ്ഞത്.കോടതി പരിസരം മുഴുവൻ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.ബോംബ് സ്‌ക്വാഡും,ഡോഗ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു.കുറെയേറെ അനുയായികൾ പ്രെയ്‌സ് ദി ലോർഡ് എന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു.


2019 നവംബർ 30ന് വിചാരണ ആരംഭിച്ച കേസിൽ 83 സാക്ഷികളിൽ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

