തിരുവല്ല :തിരുവല്ലയിൽ കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡൻ്റിനെ നിയമിച്ചത് താൻ അറിഞ്ഞിട്ടില്ലെന്നും ഈ സംഭവത്തിൽ തനിക്കൊരു പങ്കുമില്ലെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും രാജ്യസഭ മുൻ ഉപാധ്യക്ഷനുമായ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മാധ്യമങ്ങളിലൂടെയാണ് തിരുവല്ലയിലെ സംഭവം താൻ അറിഞ്ഞത്.ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് അധികം യോഗങ്ങളിൽ ഇപ്പോൾ താൻ പങ്കെടുക്കുന്നില്ല. മാത്രമല്ല താൻ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അംഗവുമല്ല. കെ പി സി സി പ്രസിഡൻ്റാണ് മണ്ഡലം പ്രസിഡൻ്റിനെ നിയമിച്ചത്. താനുമായി ഇത് സംബന്ധിച്ച് കെ പി സി സി പ്രസിഡൻ്റ് സംസാരിച്ചിട്ടില്ലെന്നും പ്രൊഫ പി ജെ കുര്യൻ പറഞ്ഞു.
ഇപ്പോഴത്തെ മണ്ഡലം പ്രസിഡൻ്റ് ആരാണെന്ന് തനിക്ക് അറിയില്ല. എന്ത് സംഭവം ജില്ലയിൽ നടന്നാലും ചിലർ എൻ്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് പതിവാണ്.ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ആരാണെന്ന് അന്വേഷിച്ചിട്ടില്ല. പറയുന്നവരുടെ വാ അടപ്പിക്കാൻ കഴിയില്ല.അവർ അങ്ങനെ പറയട്ടെ. അല്ലാതെ താൻ എന്ത് ചെയ്യാൻ ആണെന്നും അദ്ദേഹം ചോദിച്ചു. പലരും തന്നെ കുറിച്ച് പറയുന്നതിൽ ഒരു സത്യവുമില്ല.തിരുവല്ലയിലെ പുതിയ മണ്ഡലം പ്രസിഡൻ്റിനെ വെച്ചത് തൻ്റെ അറിവോടെയല്ല. ഇതിൽ ഒരു പങ്കും തനിക്കില്ലെന്നും പ്രൊഫ പി ജെ കുര്യൻ പറഞ്ഞു.

