ഹരിപ്പാട്:വൃദ്ധയായ മാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ. ഹരിപ്പാട് മുട്ടത്താണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയമകൻ ആലക്കോട്ടിൽ സുബോധി(37)നെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മകൻ ക്രൂരമായി മർദിക്കുന്നതും പൊക്കി വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സുബോധിന്റെ മൂത്ത സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂത്തമകൻ സുഗുണന്റെ കൂടെയാണ് അമ്മയും അസുഖബാധിതനായ അച്ഛനും താമസിച്ചിരുന്നത്.

സമീപത്ത് തന്നെയാണ് സുബോധിന്റെ വീടും. മൂന്നു ദിവസം മുമ്പാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. സഹോദരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഫേസ്ബുക്കിൽ ഇടുകയും പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി സുബോധിനെ റിമാൻഡ് ചെയ്തു.

