Crime

കാലടിക്കാരൻ വിജിൻ വർഗീസിന്റെ കൊക്കൈയിൻ ഇഷ്ടിക രൂപത്തിലാക്കിയുള്ള ലഹരിക്കടത്ത് 1978 കോടിയുടെത്

മുംബൈ ∙ പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസിനെ 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസിൽക്കൂടി അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നു ഗ്രീൻ ആപ്പിൾ ഇറക്കുമതി ചെയ്ത കണ്ടെയ്നറിൽ ആപ്പിൾപ്പെട്ടികൾക്കിടയിൽ ഒളിപ്പിച്ച് 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പുതുതായി അറസ്റ്റ് ചെയ്തത്.

വിജിന്റെ ഉടമസ്ഥതയിൽ കൊച്ചിയും നവിമുംബൈയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യമിറ്റോ ഇന്റർനാഷനൽ ഫുഡ്സ് ആണ് ഗ്രീൻ ആപ്പിൾ ഇറക്കുമതി ചെയ്തത്. 1476 കോടി രൂപയുടെ ലഹരിക്കടത്തിലെ കൂട്ടുപ്രതി മലപ്പുറം കോട്ടയ്ക്കൽ സ്വദേശി തച്ചൻപറമ്പൻ മൻസൂറിന്റെ ഉടമസ്ഥതയിൽ ആഫ്രിക്കയിലുള്ള സ്ഥാപനത്തിൽനിന്നു തന്നെയാണ് ഗ്രീൻ ആപ്പിളും ഇറക്കുമതി ചെയ്തതെന്നാണ് ഡിആർഐ നൽകുന്ന സൂചന. ജൊഹാനസ്ബർഗിൽ മോർ ഫ്രഷ് എന്ന സ്ഥാപനമാണ് മൻസൂർ നടത്തുന്നത്. നേരത്തെ, ഇതേ കമ്പനിയിൽ നിന്ന് ഇറക്കിയ ഓറഞ്ച് കണ്ടെയ്നറിലാണ് 1476 കോടിയുടെ ലഹരിവസ്തുക്കൾ വിജിൻ വർഗീസ് മുംബൈയിലെത്തിച്ചത്.

മലയാളികളുടെ നേതൃത്വത്തിലുള്ള 1978 കോടി രൂപയുടെ ലഹരിക്കടത്താണ് ഒരാഴ്ചയ്ക്കിടെ ഡിആർഐ പിടികൂടിയത്. കൂടുതൽ മലയാളികൾ ഉടൻ അറസ്റ്റിലായേക്കും. മൻസൂറിനായി ഡിആർഐ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. മുംൈബയിലെത്തിക്കുന്ന ലഹരിമരുന്നുകൾ മറ്റു വിദേശരാജ്യങ്ങളിലേക്കാണ് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്.

ഈ മാസം 5ന് തുറമുഖത്തെത്തിയ ആപ്പിൾ കണ്ടെയ്നറിൽ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഡിആർഐ പരിശോധന. ഒരു കിലോഗ്രാം വീതമുള്ള 50 കൊക്കെയ്ൻ പാക്കറ്റുകളാണ് ആപ്പിൾപ്പെട്ടികളിൽ കണ്ടെത്തിയത്. ഇഷ്ടികരൂപത്തിലാക്കിയാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. വിജിനും മൻസൂറും തമ്മിൽ പർച്ചേസ് ഓർഡർ ഒഴിവാക്കി വാട്സാപ് മുഖേനയാണ് പഴവർഗങ്ങളുടെയും അതിന്റെ മറവിൽ ലഹരിയുടെയും ഇടപാടു നടത്തിയതെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. വിജിന് 70 ശതമാനവും മൻസൂറിന് 30 ശതമാനവും ലാഭം എന്നതായിരുന്നു ധാരണ.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top