Sunday, November 14, 2021

മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച്‌ ഭാര്യയുടെ പത്തു പവനുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

 


റാന്നി :ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു റാന്നി പുതുശ്ശേരിമല ഫിറോസ് ഭവനില്‍ റഹീമിനെയാണ് (65) റാന്നി ഇന്‍സ്‌പെക്ടര്‍ എം.ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.


ഒക്ടോബര്‍ 26നാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റഹീമിന്റെ ഭാര്യ ജോലിക്കുപോയ സമയത്ത് റഹീം പൂട്ടിയിട്ടിരുന്ന ഇവരുടെ മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് 10 പവന്റെ മാല എടുത്തുകൊണ്ടു പോവുകയായിരുന്നു. 'ഞാന്‍ പോകുന്നു, എന്നെ അന്വേഷിക്കേണ്ട' എന്ന് എഴുതിവെച്ചിട്ടാണ് റഹീം പോയത്.





പ്രതി എഴുതിവെച്ച കത്ത് കണ്ട ഭാര്യ പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച റഹിം വഴിയാത്രക്കാരനില്‍ നിന്നും ഫോണ്‍ വാങ്ങി ബന്ധുവിനെ വിളിച്ചിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.



കവര്‍ന്ന സ്വര്‍ണം പണയം വെച്ച് 1,56000 രൂപ ഇയാള്‍ വാങ്ങി. പിടികൂടുമ്പോള്‍ 98000 രൂപയും ഒരു വളയും ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് എസ്.ഐ.ടി. അനീഷ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ മണിലാല്‍, വിനോദ്, സി.പി.ഒ.വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



ഇതിന് മുമ്പും വീട്ടില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ സ്വര്‍ണ്ണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളില്‍ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only