Sunday, November 7, 2021

പി.സി.തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ ചൂടുപിടിച്ച് മുല്ലപ്പെരിയാർ




കോട്ടയം: മുല്ലപ്പെരിയാർ കരാറിന്റെ കാലാവധിയായ 999 വർഷത്തോളം ഡാമിന് നിലനിൽക്കാൻ സാധിക്കുകയില്ലെന്നിരിക്കെ തമിഴ് നാടിന് ജലവും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ പുതിയ ഡാം നിർമ്മിക്കുകയാണ് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.




മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് 48 മണിക്കൂർ 65 മില്ലിമീറ്റർ മഴ പെയ്താൽ മുല്ലപ്പെരിയാർ ഡാം നിറഞ്ഞു കവിയുമെന്നും മുല്ലപ്പെരിയാർ ഉൾപ്പെടുന്ന പ്രദേശം ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും വിദഗ്ധർ വ്യക്തമാക്കിയിട്ടുള്ള പശ്ചാത്തലത്തിൽ പുതിയ ഡാം നിർമ്മിക്കേണ്ടത് അത്യാവശമാണെന്ന് മുൻ ജലസേചന വകുപ്പ് മന്ത്രി കൂടിയായ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് വ്യക്തമാക്കി. 




ബലപ്പെടുത്തലിനേ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ തന്റെ നിഗമനങ്ങൾ തെറ്റാമെന്നും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.



മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ അഡ്വ. പി.സി.തോമസ് രചിച്ച ചരിത്രം എന്നിലൂടെ എന്ന പുസ്തത്തിന്റെ പ്രകാശന ചടങ്ങിലാണ് മുല്ലപ്പെരിയാർ വിഷയം ഉയർന്നുവന്നത്.ജസ്റ്റിസ് കെ.ടി.തോമസിന് കോപ്പി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകം പ്രകാശനം ചെയ്തു.


പി.ടി. ചാക്കോയെന്ന ശക്തനായ പിതാവിന്റെ പാത പിന്തുടരുന്ന സൗമ്യനായ നേതാവാണ് മികച്ച പാർലമെന്ററിയൻ എന്ന നിലയിൽ പേരെടുത്ത പി.സി.തോമസെന്ന് ഗവർണർ പറഞ്ഞു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ. എ., പി.സി.തോമസ്, ഡപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവർ പ്രസംഗിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only