Saturday, November 13, 2021

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഏഴ് മെത്രാന്‍മാരെ കൂടി തെരഞ്ഞെടുക്കാന്‍ സുന്നഹദോസ് തീരുമാനിച്ചു

 



മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഏഴ് മെത്രാന്‍മാരെ കൂടി തെരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചു. 9മെത്രാന്‍ സ്ഥാനത്തിന് ഒഴിവ് ഉണ്ടെങ്കിലും 7മെത്രാന്‍മാരെ ഈ അസോസിയേഷന്‍ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പ് തെരഞ്ഞെടുക്കുന്നതിനാണ് തീരുമാനം ആയത്. 90ദിവസത്തെ നോട്ടീസ് നല്‍കി അസോസിയേഷന്‍ വിളിക്കണോ അതോ 120 ദിവസത്തെ നോട്ടീസ് നല്‍കി അസോസിയേഷന്‍ വിളിക്കണോ എന്ന് വര്‍ക്കിങ് കമ്മറ്റിയും മാനേജിങ് കമ്മറ്റിയും ചേര്‍ന്ന് തീരുമാനം എടുക്കുന്നതിന് വിട്ടു.




 


സുന്നഹദോസിനെ തുടര്‍ന്ന് നടന്ന വര്‍ക്കിങ് കമ്മറ്റിയും ഈ മാസം 30ന് നടക്കുന്ന മാനേജിങ് കമ്മറ്റിക്ക് അന്തിമ തീരുമാനം എടുക്കുന്നതിന് വിട്ടു. അസോസിയേഷന്‍ സ്ഥലവും തീയതിയും മാനേജിങ് കമ്മറ്റി തീരുമാനിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് മെത്രാന്‍മാരെ തെരഞ്ഞെടുക്കാന്‍ നീക്കം ആരംഭിച്ചതായി നേരത്തെ സൂചനകളുണ്ടായിരുന്നു . ഇത്തവണ കോട്ടയത്ത് ഫെബ്രുവരിയിലോ മാര്‍ച്ചിലോ അസോസിയേഷന്‍ നടക്കനാണ് സാധ്യത.




ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ച സുന്നഹദോസില്‍ മറ്റ് അജണ്ടകള്‍ ഒന്നും ഉണ്ടായിരുന്നില്ല. വാര്‍ഷിക സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ ഒരാഴ്ച്ച നടക്കും. ഇന്നലെ ദേവലോകം അരമനയില്‍ നടന്ന സുന്നഹോസില്‍ നേരിട്ട് 14 മെത്രാന്‍മാരും ബാക്കിയുള്ളവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു.



ഓര്‍ത്തഡോക്സ് സഭയ്ക്ക് നിലവില്‍ കോട്ടയം, കുന്നംങ്കുളം, ഇടുക്കി, മലബാര്‍, മാവേലിക്കര,അമേരിക്കന്‍ വെസ്റ്റ്, ചെങ്ങന്നൂര്‍ എന്നി ഭദ്രാസങ്ങള്‍ക്കാണ് മെത്രാപ്പോലീത്താമാരില്ലാത്തത്. ഇത് കൂടാതെ കൊല്ലം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലിത്താമാര്‍ വിശ്രമ ജിവിതത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കാതോലിക്കാബാവയായ ആയതിനെ തുടര്‍ന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലും ഒഴിവ് ഉണ്ടായിരിക്കുകയാണ്.



മെത്രാന്‍ തെരഞ്ഞെടുപ്പിന് ഒരു സ്‌ക്രീനിങ് കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇവര്‍ മത്സരരംഗത്തേയ്ക്ക് കടന്നുവരുന്നവരെ എല്ലാ വിധത്തിലും പഠിച്ച് 14 പേരുടെ ലിസ്റ്റ് മാനേജിങ് കമ്മറ്റിക്ക് കൈമാറും. മാനേജിങ് കമ്മറ്റി ഈ ലിസ്റ്റില്‍ നിന്ന് 11 പേരുടെ പട്ടിക തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുക. മുന്‍കാലങ്ങളിലെ പോലെ മെത്രാന്‍ സ്ഥാനാര്‍ഥികള്‍ പരസ്യമായി വോട്ട് പിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും സഭ ഗൗരവമായി ആലോചിക്കുന്നുണ്ട്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only