Wednesday, November 24, 2021

ഡ്യൂട്ടി സമയത്ത്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണമെന്ന് ഹൈക്കോടതി

 



കൊച്ചി :ഡ്യൂട്ടി സമയത്ത്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണമെന്ന് ഹൈക്കോടതിപോലീസ്‌ ഉദ്യോഗസ്‌ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അദ്ദേഹം യൂണിഫോമിലായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.പോലീസുകാരനെ തിരിച്ചറിയാനുള്ള പ്രധാന ഘടകം യൂണിഫോമാണെന്നും അതിനു നിഷേധിക്കാനാകാത്ത പ്രതീകാത്മക മൂല്യമുണ്ടെന്നും കോടതി വിശദമാക്കി.


തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാഷ്‌ ഗുരുവായൂര്‍ ദേവസ്വം ഹോസ്‌പിറ്റലിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാവക്കാട്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ ഉണ്ണിക്കൃഷ്‌ണന്‍ അനധികൃത പാര്‍ക്കിങ്ങിന്റെ സ്‌റ്റിക്കര്‍ പതിപ്പിച്ചതിലാണു തര്‍ക്കത്തിന്റെ തുടക്കം. ഉണ്ണിക്കൃഷ്‌ണന്‍ യൂണിഫോമിലായിരുന്നില്ല.



സ്‌റ്റിക്കര്‍ പതിപ്പിച്ചതു ചോദ്യംചെയ്‌ത അവിനാഷിനെതിരേ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റമാരോപിച്ച്‌ കേസെടുത്തു. തുടര്‍ന്ന്‌, ചാവക്കാട്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം നല്‍കി. ഇതിനെതിരേ അവിനാഷ്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.



ഡ്യൂട്ടി സമയത്ത്‌ യൂണിഫോമില്‍ വരാന്‍ കോടതിക്കു പോലീസുകാരോടു പലവട്ടം ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളിലൊഴികെ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണം.




പോലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ്‌ യൂണിഫോം. കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്‍ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണ്‌ അതെന്നു ജനങ്ങള്‍ക്ക്‌ ഒറ്റനോട്ടത്തില്‍ അറിയാനാവും. അതിന്‌ നിഷേധിക്കാനാവാത്ത പ്രതീകാത്മക മൂല്യമുണ്ടെന്നു കോടതി പറഞ്ഞു. പോലീസ്‌ മേധാവി ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുത്ത്‌ നാലു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only