Sunday, October 17, 2021

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് സുവര്‍ണാവസരം: സര്‍ക്കാര്‍ സമയോചിതമായി ഇടപെടണംകൊച്ചി: കാലം തെറ്റിയുള്ള മഴയില്‍ കേരളം വീണ്ടും പ്രളയ ഭീതിയില്‍ കഴിയുമ്പോള്‍  മലയാളികളുടെ തലയ്ക്കു മുകളില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ എന്ന ജല ബോംബ് നിഷ്പ്രയാസം നിര്‍വ്വീര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ ഇപ്പോള്‍ തുറന്നു വന്നിരിക്കുന്നത് സുവര്‍ണാവസരം. കേരളം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ ഇതുവരെ തുടര്‍ന്നു വന്ന അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടാല്‍ തമിഴ്‌നാടുമായുള്ള 999 വര്‍ഷത്തെ പാട്ടക്കരാര്‍ വെറും ഒറ്റ ദിവസം കൊണ്ട് റദ്ദാക്കാനാകുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. സോണു അഗസ്റ്റിന്‍ ചെയര്‍മാനായുള്ള സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണനയ്‌ക്കെടുക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകേണ്ടത്.മുല്ലപ്പെരിയാര്‍ ഡാമില്‍ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് 2014 ല്‍ സുപ്രീം കോടതി തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ കരാര്‍ ലംഘനം നടത്തിയതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് പരമോന്നത നീതി പീഠത്തെ സമീപിച്ചിരിക്കുന്നത്. നവരാത്രി അവധിക്കു ശേഷം അടുത്തയാഴ്ച സുപ്രീം കോടതി ചേരുമ്പോള്‍ ഹര്‍ജി പരിഗണിക്കും. കേരളത്തിലെ അഞ്ച് ജില്ലകളിലെ അമ്പത് ലക്ഷത്തിലധികം വരുന്ന മനുഷ്യരുടെ ജീവനേയും സ്വത്തിനേയും ബാധിക്കുന്ന ഗുരുതരമായ പാട്ടക്കരാര്‍ ലംഘനമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് കാണിച്ചിട്ടുള്ളതെന്ന് ഇതു സംബന്ധിച്ച് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട്  2006 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ 2014 ല്‍ സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ നിര്‍ണായകമായ ആറ് വ്യവസ്ഥകള്‍ തമിഴ്‌നാട് നിര്‍ബന്ധമായും  പാലിച്ചിരിക്കണം എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ജലവിഭവ കമ്മീഷന്‍ പ്രതിനിധി ചെയര്‍മാനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.


സുപ്രീം കോടതിയുടെ ആറ് നിര്‍ദേശങ്ങള്‍: 


1. ഡാമിന്റെ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തെ കേടുപാടുകള്‍ അടിയന്തരമായി പരിഹരിക്കണം.

2. വെള്ളം ഒലിച്ചു പോകുന്നതിനുള്ള ഒവുചാലുകള്‍(സ്വീപ്പേജുകള്‍) മാലിന്യങ്ങള്‍ അടിഞ്ഞു കൂടാതെ വൃത്തിയാക്കണം.

3. ഭൂകമ്പ ആഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള ചലനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ കൃത്യമായി സ്ഥാപിക്കണം.

4. അണക്കെട്ടിന്റെ ചുവട്ടില്‍ നിന്ന് യഥാകാലം അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യണം. 

5. ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

6. ഡാമിന്റെ വെള്ളമുള്ള ഭാഗം സിമന്റും മറ്റ് രാസപദാര്‍ത്ഥങ്ങളും ചേര്‍ത്ത് നിലവില്‍ ഡാം തകരാത്ത രീതിയില്‍ ബലിഷ്ടമാക്കി നിലനിര്‍ത്തണം.


ഇവയ്ക്കു പുറമേ ഉത്തരവിന്റെ 214-ാം ഖണ്ഡികയില്‍ മറ്റൊരു സുപ്രധാന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ടു വച്ചിരുന്നു.  അടിയന്തര സാഹചര്യത്തില്‍ വളരെ പെട്ടന്ന് ജലം ഒഴുക്കിക്കൊണ്ടു പോകുന്നതിനുള്ള ടണലുകള്‍ ഡാമുകളുടെ  അടിഭാഗത്ത്  നിര്‍മ്മിക്കണമെന്ന് രാജ്യത്തെ എല്ലാ ജല സംഭരണികളും നിര്‍ബന്ധമായും പാലിക്കേണ്ട മാർഗ്ഗനിര്‍ദേശം നിഷ്കര്ഷിക്കുന്നു. 


മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിഭാഗത്തു നിന്ന് 106 അടി ഉയരത്തിലാണ് നിലവിൽ ടണലുകള്‍ ഉള്ളത്. ഇത് 50 അടി താഴ്ചയിലാക്കി പുതിയ ടണൽ നിര്‍മ്മിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും 2014 ലെ ഉത്തരവില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ ആയിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍ നിര്‍ദേശങ്ങളില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.


ഇതു സംബന്ധിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി നല്‍കിയ മറുപടിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളൊന്നും തമിഴ്‌നാട് സര്‍ക്കാര്‍ പാലിച്ചിട്ടില്ല എന്ന് വ്യക്തമാകുന്നത്.


സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ജലനിരപ്പ്  152 അടിയിലേക്ക് ജല സംഭരണം എന്ന് ഉയര്‍ത്തുന്നുവോ അന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ആയതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നില്ലെന്നുമാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജിനു വേണ്ടി നല്‍കിയ മറുപടിയിലുള്ളത്. 


1886-ൽ ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂറും തമ്മിൽ ഒപ്പുവച്ച 999 വർഷം കാലാവധിയുള്ള  പാട്ടക്കാരാരിന്റെ വ്യവസ്ഥ അനുസരിച്ചു പാട്ടക്കാരന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും കരാർ വ്യവസ്ഥയുടെ ലംഘനം ഉണ്ടായാൽ ഭൂവുടമക്കു ഉടൻ കരാർ റദ്ദാക്കാ നുള്ള അവകാശം ഉണ്ട്. ഈ അവകാശം വിനിയോഗിച്ച് പാട്ടക്കരാർ റദ്ദാക്കാനുള്ള അവസരം ഇപ്പോൾ കേരളത്തിന് കൈവന്നിരിക്കുകയാണ്.


142 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ അനുവദനീയമായ ജലനിരപ്പ്. ഇത് 152 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ വാദം. 2018 ല്‍ കേരളത്തില്‍ വന്‍ പ്രളയം ഉണ്ടാവുകയും ഡാമുകളെല്ലാം തുറന്നു വിടുകയും ചെയ്തപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശിയായ അഡ്വ.റസല്‍ ജോയ്  സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുപ്രകാരം അന്ന് ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 


എന്നാല്‍ അനുവദനീയമായ ജല നിരപ്പ് 142 അടിവരെ ആകാമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷേ, 2014 ല്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ തമിഴ്‌നാട് നഗ്നമായ കരാര്‍ ലംഘനം നടത്തിയത് ബോധ്യമായ സാഹചര്യത്തില്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുള്ള സുവര്‍ണാവസരമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. ഉദാസീനത വെടിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമയോചിതമായി ഇടപെട്ടാല്‍ കേരളം പതിറ്റാണ്ടുകളായി ഭയക്കുന്ന വലിയൊരു വിപത്തില്‍ നിന്ന് മോചനമാകും.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only