Saturday, October 16, 2021

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം:ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും




കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കല്‍ വില്ലേജില്‍ ഇളംകാട് ഭാഗത്തും ഉരുള്‍പൊട്ടി.പത്തനംതിട്ടയില്‍ മലയാലപ്പുഴ മുസല്യാര്‍ കോളജിന് സമീപമാണ് ഉരുള്‍പൊട്ടിയത്.



ഇടുക്കി പുല്ലുപാറയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ശാന്തിഗ്രാമിലും മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തില്‍ ഏന്തയാറിലെ മര്‍ഫി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇടുക്കിയില്‍ ബോട്ടിംഗ് നിര്‍ത്തി വയ്ക്കാനും തോട്ടങ്ങളിലെ ജോലി നിര്‍ത്തി വയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശേം നല്‍കി.



അതേസമയം, തൃശൂര്‍ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് യാത്രാനിരോധനം. ചാലക്കുടി ബസ് സ്റ്റാന്‍ഡ് പരിസരത്തും വെള്ളം കയറി. കാലടിയിലും വെള്ളക്കെട്ടുണ്ട്.


സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളില്‍ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി.


പത്തനംതിട്ട മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വ്യാപക കൃഷി നാശമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്കും വെള്ളം കയറി. റാന്നിയില്‍ ജല നിരപ്പ് ഉയരുകയാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only