Thursday, October 7, 2021

ബിജെപി പുനഃസംഘടന :പ്രമുഖർ വിമത യോഗം ചേർന്നു :പാർട്ടി വിടാനും ആലോചന




കൊച്ചി :ബിജെപിയിലെ പുനഃസംഘട ഉദ്ദേശിച്ച ഫലം ചെയ്തില്ല.  ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റിയ നടപടിക്കെതിരേ ബി.ജെ.പി.യിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമർഷം പുകയുകയാണ്. കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയതെന്ന് മുതിർന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിയോജകമണ്ഡലങ്ങളിൽനിന്നു ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം.



ഒരു മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില മുതിർന്ന നേതാക്കൾ പാർട്ടിവിടാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ന്യൂനപക്ഷനേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞദിവസം ജില്ലാ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുൻകാല നേതാക്കളെയും ഇവർ ബന്ധപ്പെടുന്നതായാണ് വിവരം. മുൻ സംസ്ഥാന സെക്രട്ടറി എ.കെ.നസീർ ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ‘ലെഫ്റ്റ്’ ആയിട്ടുണ്ട്.കോട്ടയത്തുള്ള ഒരു ന്യൂന പക്ഷ നേതാവിനെയും വിമതർ ബന്ധപ്പെട്ടിട്ടുണ്ട്.എന്നാൽ സാമ്പത്തീക ആരോപണ വിധേയനായ എൻ ഹരിയെ പാർട്ടിയുടെ മധ്യമേഖലാ പ്രസിഡണ്ട് ആക്കിയതിൽ ആ വിഭാഗം സന്തുഷ്ടരാണ്.കോട്ടയത്തെ ബിജെപി യിലെ പല നേതാക്കളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്പരം സാമ്പത്തീക ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.തെരഞ്ഞെടുപ്പിനുള്ള പണം പല നിയോജക മണ്ഡലങ്ങളിലും എത്തിയില്ല എന്നും പ്രാദേശിക നേതാക്കൾക്ക് പരാതിയുണ്ട്.എന്നാൽ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാളും പണം ദേശീയ നേതൃത്വം നൽകിയെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത് .



കേരളമാകെ തിരഞ്ഞെടുപ്പിൽ മോശംപ്രകടനമുണ്ടായപ്പോൾ അഞ്ചുജില്ലകളിൽ മാത്രം പ്രസിഡന്റുമാരെ മാറ്റിയതാണ് പ്രാദേശികതലങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിർപ്പുണ്ടാകാൻ കാരണം. നാലു മണ്ഡലങ്ങളിൽ പാർട്ടി നാലാമതായിപ്പോയ എറണാകുളത്തും വൻതോതിൽ വോട്ടുചോർച്ചയുണ്ടായ ചില ജില്ലകളിലും പ്രസിഡന്റുമാരെ നിലനിർത്തിയതും ചർച്ചയായിട്ടുണ്ട്.



കീഴ്ഘടകങ്ങളിൽനിന്ന് ലഭിച്ച പരാതികൾ ചർച്ചചെയ്യാനായി കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ഗണേശൻ, കെ.സുഭാഷ് എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റി ഒരുതവണപോലും യോഗംചേർന്നിട്ടില്ല. അതിനിടെ രഹസ്യമായി സംഘടനാതല അഴിച്ചുപണി നടത്തിയെന്ന് സുരേന്ദ്രൻ വിരുദ്ധപക്ഷ നേതാക്കൾ പറഞ്ഞു. ‘ബി.ജെ.പി. കേരളം’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുതിർന്ന സംസ്ഥാന ഭാരവാഹികൾപോലും മാറ്റങ്ങൾ സംബന്ധിച്ച വാർത്തയറിഞ്ഞത്.




Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only