Thursday, September 30, 2021

മലയാളിയുടെ പ്രിയപ്പെട്ട മത്തി നാടുവിടുമ്പോൾ അയല നാട്ടിൽ സുലഭം

 ഡിമാന്‍ഡ് കൂടി മത്തിയിപ്പോള്‍ വേറെ ലെവലിലാണ്. അയക്കൂറ സുലഭമായി കിട്ടിത്തുടങ്ങിയതോടെ വില കുറഞ്ഞതും മത്തിക്ക് വില കുതിച്ചുയര്‍ന്നതും ഇവയുടെ നില്‍പ്പ് ഏകദേശം ഒരേ റേഞ്ചിലായി.






കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മത്തിയാണ് ഇപ്പോള്‍ കൂടുതലായും ലഭിക്കുന്നത്. കേരളതീരത്ത് മത്തി ലഭിക്കാതായിട്ട് രണ്ടുവര്‍ഷത്തോളമായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്തിക്ക് ഇപ്പോള്‍ 200-നും 300-നും ഇടയില്‍ വിലയുണ്ട്. വലിയ അയക്കൂറയ്ക്ക് 380 മുതല്‍ 400 രൂപവരെയാണ് വില. ചെറിയ അയലയ്ക്ക് 250 മുതല്‍ 300 രൂപവരെയും താഴ്ന്നിരുന്നു. നേരത്തെ 600-900 വിലയുണ്ടായിടത്തുനിന്നാണ് ഈ ഇടിവ്.




മത്തി കേരളതീരത്തുനിന്ന് അകലാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് കേരള സര്‍വകലാശാല അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് തലവന്‍ ഡോ. എ. ബിജുകുമാര്‍ പറയുന്നത്. അതില്‍ ഏറ്റവും പ്രധാനം കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടുകൂടുന്നതാണ്. മത്തി ഉപരിതല മത്സ്യമായതിനാല്‍ അതിന് താങ്ങാന്‍ പറ്റുന്നതിലുമധികം ചൂട് കൂടുമ്പോള്‍ തണുപ്പുള്ള പ്രദേശങ്ങള്‍ നോക്കി പോകും.




ഇവ ഇപ്പോള്‍ വടക്കുഭാഗത്തേക്കാണ് പലായനം ചെയ്യുന്നതെന്നും ഗുജറാത്ത്, ഗോവ തീരങ്ങളില്‍ മത്തിയെ കൂടുതല്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചൂട് കൂടുമ്പോള്‍ കേരളതീരത്തിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒക്സിജന്റെ അളവ് കുറയുന്നതും ചൂടുകാരണം മത്തിയുടെ പ്രജനനം കുറയുന്നതുമാണ് മറ്റ് രണ്ടുകാരണങ്ങള്‍.



മത്സ്യപ്രിയരുടെ തീന്‍മേശയിലെ പ്രധാന വിഭവം അയലയാണ്. വിപണിയില്‍ എവിടെ നോക്കിയാലും അയലതന്നെ. കേരളതീരത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് അയലയാണത്രേ. നേരത്തെ 300-ന് മുകളിലുണ്ടായിരുന്ന അയലയ്ക്ക് 160 മുതല്‍ 200 വരെയാണ് വില.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only