Thursday, September 30, 2021

പോലീസ് സ്റ്റേഷനിൽ മരിച്ചയാളിന്റെ മകന് വീണ്ടും പോലീസിൻ്റെ ക്രൂരപീഢനം:അന്വേഷണം നടത്തണമെന്ന് ബിജെപി



ഇടമറ്റം: ഇടമറ്റത്ത് വർക്ക്ഷോപ്പ് നടത്തുന്ന അനസ് കെ സുധാകരൻ എന്ന ചെറുപ്പക്കാരനാണ് പാലാ പോലിസിൻ്റെ ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ  ശനിയാഴ്ച്ച ഇടമറ്റം ചിങ്കൽ ജംങ്ങ്ഷനിൽ വാഹനം തട്ടിയതുമായ വാക്കുതർക്കവും ഉന്തും തള്ളും പോലീസിൻറെ സാന്നിധ്യത്തിൽ പിന്നീട് ഒത്തുതീരുകയുണ്ടായി. ഞായറാഴ്ച്ച രാവിലെ സ്വന്തം വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനുവന്ന അനസ് കെ സുധാകരനെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയും, സി.ഐയുടെ സാന്നിധ്യത്തിൽ ബിജു എന്ന പോലീസുകാരൻ വാഹനത്തിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 



ബിജെപി പ്രവർത്തകരുടെ പേര് പറയെടാ എന്ന് പറഞ്ഞാണ് മർദ്ദനം നടത്തിയതെന്ന് അനസ്  പറഞ്ഞു. വാഹനാപകടത്തിൽ തലയോട്ടിക്ക് ഉണ്ടായ സ്ഥാനഭ്രംശം കാരണം ശാശ്വതവൈകല്യം ഉള്ളയാളാണ് മർദ്ദിക്കരുതേ എന്ന് കരഞ്ഞു പറഞ്ഞിട്ടും സ്റ്റേഷനിലെത്തും വരെ തെറിവിളിക്കുകയും, ബിജെപി പ്രവർത്തകരുടെ പേര് പറഞ്ഞില്ലേൽ നിൻ്റെ അച്ഛൻ്റെ അവസ്ഥ നിനക്കും ഉണ്ടാകും എന്ന് പറഞ്ഞ് ക്രൂരമായ മർദ്ദന മുറകൾ തുടരുകയും ചെയ്തു. ഇതിനെതിരെ അനസിൻ്റെ മാതാവ് ഗീതാ സുധാകരൻ പാലാ ഡി.വൈഎസ്.പിക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.  2009 സ്റ്റേഷനിലേക്ക് വിളിപ്പിച്ച അനസിൻ്റെ അച്ഛനായ കുളമാക്കൽ സുധാകരന്റെ മൃതദേഹമാണ് അന്ന് തിരികെ ലഭിച്ചത്. 



അനസിന് എതിരായി ഉണ്ടായ ക്രൂരപീഡനത്തിൽ ബി.ജെ.പി.മീനച്ചിൽ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ്  അനീഷ് ഡി.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. എസ് ജയസൂര്യൻ, ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി, പാലാ നിയോജമണ്ഡലം പ്രസിഡൻ്റ് ജി. രജ്ഞിത്ത്  മീനാഭവൻ, ജില്ലാ കമ്മിറ്റിയംഗം ബിജു സി.ബി. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി.സജീവ്  എന്നിവർ പ്രസംഗിച്ചു. കുറ്റവാളിയായ ബിജു എന്ന പോലിസ്കാരനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only